ബീമാപ്പള്ളി ഉറൂസ് 24 മുതൽ; ഒരുക്കങ്ങൾ വിലയിരുത്തി ജനുവരി മൂന്നിന് പ്രാദേശിക അവധി

Thursday 01 December 2022 4:40 AM IST

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിന് 24ന് കൊടിയേറും. ജനുവരി നാലിന് സമാപിക്കും. ഉറൂസിന്റെ ഭാഗമായി തീർത്ഥാടകർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

കൊവിഡ് ആശങ്കയൊഴിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാദ്ധ്യത മുൻനിറുത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. വഴിവിളക്കുകൾ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കും കോർപ്പറേഷനും നിർദ്ദേശം നൽകി. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച പരിശോധന പൂർത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന് കോർപ്പറേഷനെ ചുമതലപ്പെടുത്തി.

തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാകേന്ദ്രം തുറക്കും. പ്രത്യേക ആംബുലൻസ് സൗകര്യവുമുണ്ടാകും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പൂവാർ, കിഴക്കേകോട്ട, തമ്പാനൂർ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. തീർത്ഥാടകരുടെ പാർക്കിംഗിനും പ്രത്യേക സൗകര്യമൊരുക്കും.

ക്രമസമാധാന പാലനം ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കൺട്രോൾ റൂമും തുറക്കും. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തും. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ജെ.സുധീർ, മിലാനി പെരേര, ജില്ലാകളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്ലാം, ജനറൽ സെക്രട്ടറി എം.കെ.എം.നിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement