മന്ത്രി അബ്‌ദു റഹ്മാനെതിരായ വിവാദ പരാമർശം,​ ഫാ. തിയോഡേഷ്യസിനെതിരെ പൊലീസ് കേസെടുത്തു

Wednesday 30 November 2022 9:15 PM IST

തിരുവനന്തപുരം: മന്ത്രി അബ്ദു റഹ്മാനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. മതവിദ്വേഷം വളർത്താനുള്ള ശ്രമം,​ സാമുദായിക സംഘർഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തി വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. പരാമ‌ർശത്തിൽ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചിരുന്നു,​

ഇന്നലെയാണ് ഫാ,​ തിയോഡേഷ്യസ് മന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. അബ്ദു റഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു പരാമർശം. സംഭവം വിവാദമായതോടെ പരാമർശം വികാരവികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫാ. തിയോഡേഷ്യസ് അറിയിച്ചു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണമെന്ന് അതിരൂപത അഭ്യർത്ഥിച്ചു.