ഒരു മാസത്തിനിടെ നാലാമത്തെ ആക്രമണം,​ സ്ത്രീകൾക്ക് സുരക്ഷയില്ലാതെ തലസ്ഥാനം

Thursday 01 December 2022 3:25 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും പൊലീസ് ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. ഒരു മാസത്തിനിടെ നാല് ആക്രമണങ്ങളാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടായത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഡി.ജി.പിയും മറ്റ് ഉയർന്ന് പൊലീസ് ഉദ്യോഗസ്ഥരും താമസിക്കുന്ന വസതികളുടെ അടുത്താണ് ഈ സംഭവങ്ങളുണ്ടായതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.

ഏതുസമയവും പൊലീസ് വലയമുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ പൊലീസ് ഇടപെടൽ ചോദ്യംചെയ്യപ്പെടുകയാണ്. വനിതാ മേയറും വനിതാ ഡി.ഐ.ജിയും ഭരിക്കുന്ന തലസ്ഥാനത്തു തന്നെ സ്ത്രീകൾക്കു നേരെ അതിക്രമങ്ങൾ ഉയരുകയാണ്.

ആക്രമണങ്ങൾ

ഒക്ടോബർ 26ന് മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കെത്തിയ വനിതാഡോക്ടറെ ആക്രമിച്ചു

നവംബർ 24ന് വഞ്ചിയൂരിൽ പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നുപിടിച്ചു

 നവംബർ 25ന് കവടിയാർ പണ്ഡിട്ട് നഗർ കോളനിയിലെ സിവിൽ സർവ്വീസ് വിദ്യാർത്ഥികൾക്കു നേരെ അതിക്രമം

നവംബർ 28ന് മകനെ ട്യൂഷൻ സെന്ററിലാക്കാൻ പോയ വീട്ടമ്മയെ തടഞ്ഞുനിറുത്തി അപമാനിക്കാൻ ശ്രമം

സി.സി ടിവിയും റെഡ് ബട്ടണും

അപകടങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പെരുകുമ്പോഴും തലസ്ഥാന നഗരത്തിൽ സി.സി ടി.വി കാമകൾ നിശ്ചലം. സംഭവം നടക്കുന്ന പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. നിലവിൽ പൊലീസിന്റെ 250 കാമറകൾ നഗരത്തിലുണ്ടെങ്കിലും 120ൽ താഴെ മാത്രമാണ് പ്രവർത്തിക്കുന്നത്. ചില കാമറകളിൽ റെക്കാഡിംഗ് ഇല്ല. കൺട്രോൾ റൂമിൽ തത്സമയ ദൃശ്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്.

കഴക്കൂട്ടത്തും കവടിയാറിലും റെഡ് ബട്ടൺ എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണം കാഴ്‌ചവസ്തുവായി. സ്ത്രീകൾക്കെതിരെ അതിക്രമുണ്ടായാൽ ഈ മെഷീനിലെ ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിൽ വിവരമെത്തുമെന്നായിരുന്നു പദ്ധതി.

സ്ട്രീറ്റ് ലൈറ്റുകൾ

സ്ഥാപിക്കാതെ നഗരസഭ

നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കേടായതും ഇല്ലാത്ത ഭാഗങ്ങളിൽ പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ നഗരസഭയ്‌ക്കും വീഴ്ച. മ്യൂസിയത്ത് ആദ്യ സംഭവമുണ്ടായപ്പോൾത്തന്നെ സിറ്റി പൊലീസ് കമ്മിഷണർ നഗരസഭയെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയെടുത്തില്ല.

Advertisement
Advertisement