ജി.ഡി.പിയിൽ തിളങ്ങി ഇന്ത്യ, വളർച്ച 6.3 %

Thursday 01 December 2022 12:42 AM IST

കൊച്ചി: പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവുംവേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി നടപ്പുവർഷത്തെ (2022-23) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിലും ഇന്ത്യ നിലനിറുത്തി. 6.3 ശതമാനമാണ് കഴിഞ്ഞ പാദത്തിലെ വളർച്ചയെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം വ്യക്തമാക്കി.

ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 13.5 ശതമാനവും മുൻവർഷത്തെ ജൂലായ്-സെപ്തംബർ പാദത്തിൽ 8.4 ശതമാനവുമായിരുന്നു വളർച്ച. സമ്പദ്‌രംഗത്തെ മുഖ്യവൈരിയായ ചൈന (3.9 ശതമാനം), അമേരിക്ക (2.6 ശതമാനം), ജർമ്മനി (0.4 ശതമാനം), ബ്രിട്ടൻ (നെഗറ്റീവ് 0.2 ശതമാനം) തുടങ്ങിയവയെയാണ് കഴിഞ്ഞപാദത്തിലും ഇന്ത്യ പിന്തള്ളിയത്.