ലൈൻ ട്രാഫിക് തെറ്റിച്ചാൽ കാമറയിൽ കുടുക്കും

Thursday 01 December 2022 12:13 AM IST

തൃശൂർ: കേരളത്തിൽ ചേർത്തല മുതൽ വാളയാർ വരെയുള്ള ദേശീയപാതയിൽ ലൈൻ ട്രാഫിക് നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും നടപടികൾ കടുപ്പിക്കും. വിവിധതരം കാമറകൾ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി കർശനനടപടികൾ സ്വീകരിക്കാനാണ് നീക്കം. ദേശീയപാതകളിൽ പൊലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ അവ തടഞ്ഞു നിറുത്തുകയില്ല. വീഡിയോ കാമറ, ഡാഷ് കാമറ, ശരീരത്തിൽ ധരിക്കുന്ന കാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തും. വാഹന ഉടമയ്ക്കും, ഡ്രൈവർക്കുമെതിരെ നടപടികൾ സ്വീകരിക്കും. ദേശീയ പാതയിലും, മറ്റ് റോഡുകളിലും പൊലീസ് സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ സാധിക്കും. ദേശീയപാതകളിൽ ലൈൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ ചെക്‌ പോസ്റ്റുകളിലും ടോൾബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മണ്ണുത്തി - ഇടപ്പളളി പാതയിലും പാലക്കാട് പാതയിലും ലൈൻട്രാഫിക് തെറ്റിച്ച് വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. പലതവണ നടപടികളെടുത്തിട്ടും നിയമലംഘനം തുടർന്നതോടെയാണ് ലൈൻ ട്രാഫിക് നിബന്ധകൾ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. വലിയ ചരക്കുവാഹനങ്ങളും ട്രെയിലറുകളുമാണ് ലൈൻ തെറ്റിക്കുന്നവയിൽ ഭൂരിഭാഗവും.

  • ലൈൻ ട്രാഫിക് ഇങ്ങനെ:

ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളിൽ (ചേർത്തല മുതൽ വാളയാർ വരെ) വേഗം കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായ വലിയ ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗം കൂടിയ രീതിയിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയപാതയുടെ വലതുവശത്തുള്ള ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ. വാഹനം കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിൽ ഇടതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുക. ഓവർടേക്ക് ചെയ്യേണ്ടി വരികയാണെങ്കിൽ, സുരക്ഷിതമായ അകലം പാലിച്ച്, മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവർടേക്ക് ചെയ്യുക.

ലൈൻ ട്രാഫിക് നിബന്ധനകൾ നടപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

- അങ്കിത് അശോകൻ, കമ്മിഷണർ, തൃശൂർ സിറ്റി പൊലീസ്.

പൊതുജനങ്ങൾക്ക് നിയമലംഘകരെ കുടുക്കാം

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കേരള പൊലീസിന്റെ ശുഭയാത്ര ഹെൽപ്പ് ലൈൻ നമ്പറായ 9747001099 ലേക്ക് വാട്‌സ് ആപ്പ് ആയി അയക്കാം. ഈ ചിത്രങ്ങൾ പരിശോധിച്ച് നിയമലംഘകരെ കുടുക്കും.

Advertisement
Advertisement