യു.എൻ.ഉച്ചകോടിയിൽ  തിളങ്ങി എലിസബത്ത് 

Thursday 01 December 2022 12:16 AM IST

കണ്ണൂർ: ഈജിപ്തിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനം അവതരിപ്പിച്ച് കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി എലിസബത്ത് ഈപ്പൻ.

നവംബറിൽ ഈജിപ്തിലെ ഷറം അൽ ഷെയിക്കിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്ത നാലു യുവപ്രതിഭകളിൽ ഒരാളാണ് ചെങ്ങന്നൂർ ആറാട്ടുപുഴ സ്വദേശി

ഈപ്പൻ എബ്രഹാമിന്റെയും ബെസ്ലി ഈപ്പന്റെയും മകളായ എലിസബത്ത്.

ഐക്യരാഷ്ട്രസഭയുടെ യംഗ് സ്കോളർ അവാർഡ് നേടിയ പശ്ചാത്തലത്തിലാണ് അവസരം ഒരുങ്ങിയത്. ഇന്ത്യയിൽ നിന്ന് നാനൂറുപേർ ഓൺലൈൻ അഭിമുഖത്തിൽ മത്സരിച്ചിരുന്നു.

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പൊളിറ്റിക്സ് സ്റ്റഡീസിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

കേരളം മാത്രമല്ല, ബീഹാർ , അസാം തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയത്തെ എങ്ങനെ അതിജീവിച്ചുവെന്ന് വീഡിയോയിലൂടെ എലിസബത്ത് പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തി. 196 രാജ്യങ്ങളുടെ പങ്കാളിത്തമുള്ളതായിരുന്നു ഉച്ചകോടി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കൾ മുഖ്യസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

# പ്ളാസ്റ്റിക്കിനെതിരെ പോരാട്ടം

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ എലിസബത്ത് അവിടെ എൻവയൺമെന്റ് സൊസൈറ്റിയിൽ അംഗമായിരുന്നു.ആനിമൽ വെൽഫെയർ ക്ലബ്ബ് ഹെഡായും പ്രവർത്തിച്ചിട്ടുണ്ട്.പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിനായി നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അമ്മയ്ക്കൊപ്പം വീട്ടിൽ ഒരു പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റും തുടങ്ങി. ഓരോ പഞ്ചായത്തിലും സർവേ നടത്തി പ്ലാസ്​റ്റിക് ഉപയോഗം കണ്ടെത്തിയശേഷം പേപ്പർ ബാഗ്‌ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ എലിസബത്ത്.

`ജോ ബൈഡനുൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുക്കുന്ന കോപ് 27 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു.'

-എലിസബത്ത് ഈപ്പൻ