പൊലീസ് ട്രക്കിനു നേരെ ചാവേർ ആക്രമണം 3 മരണം

Thursday 01 December 2022 2:32 AM IST

ഇസ്ലാമാബാദ്:പടിഞ്ഞാറൻ പാകിസ്ഥാനിൽ പൊലീസ് ട്രക്കിനു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 23 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധിത സംഘടന തെഹ്‌രീക് ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി)ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഓടിക്കൊണ്ടിരുന്ന പൊലീസ് ട്രക്ക് സ്ഫോടനത്തെത്തുടർന്ന് മറിഞ്ഞ് താഴ്ചയിലേക്ക് വീണു. സമീപമുണ്ടായിരുന്ന മറ്ര് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസും റെസ്ക്യൂ സംഘവും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. 25 കിലോയോളം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. ചാവേർ ആക്രമണമാണുണ്ടായതെന്ന് ക്വറ്റ ഡി.ഐ.ജി ഗുലാം അസ്ഫർ മഹേസർ സ്ഥിരീകരിച്ചു. ചാവേറിന്റെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി.

ടി.ടി.പി സർക്കാരുമായുള്ള വെടി നിർത്തൽ കരാർ പിൻവലിച്ചതിനു തൊട്ടു പിന്നാലെയാണ് സ്ഫോടനം നടന്നത്. രാജ്യത്തുടനീളം ആക്രമണം നടത്താൻ സംഘടന അനുയായികൾക്ക് നിർദ്ദേശം നൽകിയിരുന്നു.