ജോലി ചെയ്തതിന് കൂലി ചോദിച്ച യുവാവിനെ പട്ടിക കൊണ്ട് മുഖത്തടിച്ചു, ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്

Thursday 01 December 2022 10:03 AM IST

കൊല്ലം: ജോലി ചെയ്തതിന് കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം കൊട്ടാരക്കരയിലാണ് സംഭവമുണ്ടായത്. വെട്ടക്കവല സ്വദേശി വിജയകുമാറിനാണ് മർദനമേറ്റത്. പരിക്കേറ്റ വിജയകുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മുട്ടവിള സ്വദേശിയായ കോണ്ട്രാക്ടർ തങ്കപ്പൻപിള്ളയുടെ കീഴിൽ ജോലിചെയ്ത് വരികയായിരുന്നു വിജയകുമാർ. മകൾക്ക് അസുഖം ബാധിച്ചതോടെ ഇയാൾക്ക് രണ്ട് ദിവസം ജോലിക്ക് പോകാനായില്ല. മുൻ ദിവസങ്ങളിലെ കൂലി വാങ്ങാൻ ഭാര്യയ്ക്കൊപ്പം കോൺട്രാക്ടറുടെ വീട്ടിലെത്തിയെങ്കിലും തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രകോപിതനായ തങ്കപ്പൻപിള്ള പട്ടിക കൊണ്ട് മുഖത്തടിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതിയിൽ പറയുന്നത്. പിന്നീട് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തങ്കപ്പൻപിള്ളയിൽ നിന്ന് വിജയകുമാറിനെ രക്ഷിച്ചത്. തുടർന്ന് ഇവർ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വിജയകുമാറിന്റെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.