വാടകയ‌്ക്ക് വീട് നൽകുമ്പോൾ ശ്രദ്ധിക്കണേ, അല്ലെങ്കിൽ കൊല്ലത്ത് സംഭവിച്ചതുപോലെയാകും

Thursday 01 December 2022 11:18 AM IST

കൊല്ലം: ഇരവിപുരത്ത് വാടകയ്ക്ക് എടുത്ത വീടുകൾ ഒറ്റിയ്ക്ക് നൽകിയ ശേഷം ആ പണവുമായി മുങ്ങിയ കേസിലെ പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി. പഴയാറ്റിൻകുഴി ചകിരിക്കട പി.ടി നഗർ 198ൽ ബാസ്മ മൻസിലിൽ സുൽഫീക്കറിനെയാണ് (51) അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയ്ക്കായും അന്വേഷണം നടക്കുന്നു.

തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഒന്നിൽ കൂടുതൽ വീടുകൾ ഉള്ളവരെ സുൽഫീക്കർ സമീപിച്ച ശേഷം അവരുടെ വീടുകൾ വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞ് മോഹിപ്പിക്കും. തുടർന്ന് ഈ വീടുകൾ ഉടമസ്ഥർ അറിയാതെ ആവശ്യക്കാർക്ക് 3 മുതൽ 5 ലക്ഷം വരെ രൂപയ്ക്ക് ഒറ്റിയ്ക്കു നൽകും. വീടുകൾ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒറ്റിക്കുള്ള കരാർ ഒപ്പിടുന്നത്. വീട് വാടകയ്ക്കു നൽകുന്നതും ആളെ കണ്ടെത്തുന്നതും വാടക വാങ്ങി നൽകുന്നതും എല്ലാം സുൽഫീക്കർ ആയതിനാൽ വീട്ടുടമകൾക്കും സംശയം തോന്നിയില്ല.

നാലോ അഞ്ചോ മാസത്തെ വാടക കൃത്യമായി നൽകിയിരുന്ന സുൽഫീക്കർ പിന്നീട് വാടക നൽകാതെയായി. വീടിന്റെ ഉടമസ്ഥർ ഫോൺ വിളിച്ചാലും എടുക്കില്ല. ഇതോടെ ഉടമസ്ഥർ തങ്ങളുടെ വീടുകളിലെത്തി അന്വേഷണം നടത്തി. അപ്പോഴാണ് തങ്ങൾ സുൽഫീക്കറിൽ നിന്നും ഒറ്റിക്കാണ് വീട് നൽകിയിരിക്കുന്നതെന്നും കാലാവധി തീരാതെ ഇറങ്ങാൻ പറ്റില്ലെന്നും അറിയിച്ചു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടുടമസ്ഥർ ഓരോരുത്തരായി ഇരവിപുരം പൊലീസിന് പരാതി നൽകിത്തുടങ്ങി.

ഇതിനിടയിലും സുൽഫിക്കർ തട്ടിപ്പ് തുടർന്നു. നിലവിൽ 25 ഓളം പരാതികളുണ്ട്. ഒറ്റിയ്ക്ക് വീട് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുൻകൂർ വാങ്ങി കബിളിപ്പിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം സുൽഫിക്കർ പിടിയിലായ വിവരമറിഞ്ഞ് പരാതിക്കാർ കൂട്ടത്തോടെ ഇരവിപുരം സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. മറ്റ് മേഖലയിൽ സുൽഫിക്കർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷണമുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സുൽഫിക്കറും കുടുംബവും അഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Advertisement
Advertisement