സൂര്യ വധക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണം കേസിൽ വിധി വരാനിരിക്കെ

Thursday 01 December 2022 11:20 AM IST

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി എസ് ഷിജുവാണ് മരിച്ചത്. യുവതിയെ വെട്ടിക്കൊന്ന കേസിൽ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു അരുംകൊല നടന്നത്. പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ സൂര്യ എസ് നായരെ പ്രതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാൽ യുവതിയ്ക്ക് രക്ഷകർത്താക്കൾ വേറെ വിവാഹ ആലോചനകൾ നടത്തുന്നുവെന്ന് അറിഞ്ഞത് ഇയാളെ അസ്വസ്ഥനാക്കി. ആശുപത്രിയിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്സിന്റെ മകൾക്ക് വിവാഹ സമ്മാനം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും വെട്ടുകളേറ്റ യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.കൃത്യം നടത്തിയതിന് പിന്നാലെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.