ഗുജറാത്തിൽ പോളിംഗ് മന്ദഗതിയിൽ; വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഖാർഗെയ്‌ക്ക് ചുട്ടമറുപടിയുമായി മോദി

Thursday 01 December 2022 1:58 PM IST

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തൊൻപത് ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. പതിനൊന്നുമണിവരെ19.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


അഞ്ച് മണിവരെയാണ് പോളിംഗ്. സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് ഇന്ന് പോളിംഗ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബി ജെ പി) കോൺഗ്രസിന്റെ അമീ യാജ്‌നിക്ക്, ഹാർദിക് പട്ടേൽ(ബി ജെ പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോൺഗ്രസ്) അടക്കമുള്ള 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. പ്രസംഗത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടി നൽകുകയും ചെയ്തു. 'രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


'എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. നരേന്ദ്ര മോദിയ്‌ക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോ? മോദി എന്താ എല്ലാവർക്കുവേണ്ടിയും ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോദി വരാറുണ്ടോ?'- എന്നായിരുന്നു ഖാർഗെയുടെ പരാമർശം.