രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ, രണ്ട് മാസം മുൻപ് നടന്ന വാഹനാപകടത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

Thursday 01 December 2022 2:10 PM IST

ജയ്‌പൂ‌ർ: രണ്ട് മാസം മുൻപ് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭർത്താവ് ചെയ്യിച്ച കൊലപാതകമെന്ന് തെളിഞ്ഞു. ഒക്‌ടോബർ അഞ്ചിന് ജയ്‌പൂർ- സിക്കാർ റോഡിൽ ഹർമദയ്ക്ക് സമീപമായി നടന്ന വാഹനാപകടത്തിലാണ് ശാലു ദേവി (32) കൊല്ലപ്പെട്ടത്. സഹോദരനോടൊപ്പം സാമോദ് ക്ഷേത്രത്തിലേയ്ക്ക് പോകവേ ഇവർ സഞ്ചരിച്ച ബൈക്കിൽ എസ് യു വി ഇടിക്കുകയായിരുന്നു.

വാഹനാപകടം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇരുപത് ദിവസങ്ങൾക്ക് മുൻപേയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ശാലുവിന്റെ മരണത്തോടെ ഭർത്താവ് മഹേഷ് ചന്ദ്രയ്ക്ക് 1.90 കോടി രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന കണ്ടെത്തലാണ് കേസിൽ നിർണായകമായത്.

ശാലുവിനെ കൊലപ്പെടുത്തുന്നതിനായി മുകേഷ് സിംഗ് റാത്തോർ എന്ന ക്രിമിനലിന് മഹേഷ് ചന്ദ്ര 5.50 ലക്ഷം രൂപ നൽകിയിരുന്നു. പത്ത് ലക്ഷം രൂപയായിരുന്നു ക്വട്ടേഷൻ തുകയായി വാഗ്ദ്ധാനം ചെയ്തിരുന്നത്. ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് 2017 മുതൽ വേർപിരിഞ്ഞുകഴിയുകയായിരുന്ന ശാലുവിന്റെ പേരിൽ മഹേഷ് ഈ വർഷമാദ്യം ഇൻഷുറൻസ് എടുത്തിരുന്നതാണ് പൊലീസിനെ സംശയത്തിനിടയാക്കിയത്.

ഭാര്യയെ ഒഴിവാക്കാൻ തീരുമാനിച്ച ഇയാൾ ഇൻഷുറൻസ് എടുത്തതിന് ശേഷം ശാലുവിനോട് ഇടയ്ക്കിടെ സംസാരിക്കുമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ശാലുവിന്റെ വീട്ടിലെത്തിയ ഇയാൾ പ്രശ‌സ്തമായ സാമോദ് ക്ഷേത്രത്തിൽ ആഗ്രഹസഫലീകരണത്തിനായി ഒരു നേർച്ച അർ‌പ്പിച്ചതായി വെളിപ്പെടുത്തി. ആഗ്രഹം സഫലമാകണമെങ്കിൽ പതിനൊന്ന് ദിവസം ക്ഷേത്രദർശനം നടത്തണമെന്നും ഭാര്യയെ വിശ്വസിപ്പിച്ചു.

ശാലുവിനെ കൊലപ്പെടുത്തുന്നതിനായുള്ള നാടകമായിരുന്നു ഇത്. ഒക്ടോബർ അഞ്ചിന് ശാലു ക്ഷേത്രദർശനത്തിനായി പുറത്തിറങ്ങിയതിന് പിന്നാലെ മഹേഷ് പുറത്തിറങ്ങി ക്വട്ടേഷൻ സംഘത്തിന് സിഗ്നൽ നൽകി. ഇതിന് പിന്നാലെ എസ് യു വി യുവതിയെ ഇടിച്ചിടുകയായിരുന്നു.

2015ലാണ് ശാലുവും ചന്ദ്രയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. 2019ൽ മഹേഷിനെതിരെ ഭാര്യ സ്ത്രീധനപീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ മഹേഷ് ചന്ദ്ര, മുകേഷ് സിംഗ് റാത്തോർ, ഗൂഢാലോചന നടത്തിയ രാകേഷ് കുമാർ, സോനു സിംഗ് എന്നിവർ അറസ്റ്റിലായി.