കുഴൽപ്പണക്കേസിൽ അനുകൂല ഇടപെടൽ വേണം, ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്, കത്തിനൊപ്പം ബി ജെ പി നേതാക്കളുടെ നിവേദനവും
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതി ചേർക്കപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അനുകൂല ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. 2021 ജൂൺ പത്തിന് അയച്ച കത്താണ് പുറത്തുവന്നത്.
കെ. സുരേന്ദ്രൻ പ്രതിയായ കൊടകര കുഴൽപ്പണ കേസ്, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് തുടങ്ങിയവ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേ താക്കൾ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ അനുകൂല നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നിവേദനത്തിൽ പൊലീസിനെതിരെ ചില ആരോപണങ്ങൾ ബി.ജെ.പി നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഉചിതമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.