സുപ്രീം കോടതിയിൽ വീണ്ടും സമ്പൂർണ്ണ വനിത ബെഞ്ച് , ഇത് ചരിത്രത്തിൽ മൂന്നാംതവണ

Friday 02 December 2022 4:33 AM IST

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഇന്നലെ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകളിൽ വാദം കേട്ടു. വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേൾക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ 32 ഹർജികളിൽ വാദം കേട്ടു. 10 ട്രാൻസ്ഫർ ഹർജികളും 10 ജാമ്യഹർജികളും ഒമ്പത് സിവിൽ കേസുകളും മൂന്ന് ക്രിമിനൽ കേസുകളും ഉൾപ്പെടും.

സമ്പൂർണ്ണ വനിത ബെഞ്ച് സുപ്രീം കോടതിയിൽ ആദ്യം വാദം കേട്ടത് 2013ലാണ്. ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി എന്നിവരാണ് അന്ന് കേസുകൾ കേട്ടത്. ആ ബെഞ്ചിന് നേതൃത്വം നൽകിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധിയിലായിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് ഗ്യാൻസുധ മിശ്ര അവിടെ വാദം കേൾക്കാൻ ചേർന്നത്. പിന്നീട്, 2018 ലാണ് ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകൾ കേട്ടത്.

വനിത ചീഫ് ജസ്റ്റിസ് ?

സുപ്രീം കോടതിയിലെ ആകെ 27 ജഡ്ജിമാരിൽ ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നീ മൂന്നു വനിത ജഡ്ജിമാരാണ് നിലവിലുള്ളത്. ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ സുപ്രീം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയേക്കുമെന്നാണ് കരുതുന്നത്. ജസ്റ്റിസ് ഹിമ കോഹ്‌ലി 2024ലും ജസ്റ്റിസ് ബേല എം. ത്രിവേദി 2025ലും വിരമിക്കും.

11 വനിത ജഡ്ജിമാർ

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ 11 വനിത ജഡ്ജിമാരാണുണ്ടായിരുന്നത്. ആദ്യ വനിത ജഡ്ജിയായി നിയമിതയായത് മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ്. 1989 ലായിരുന്നു നിയമനം. തുടർന്ന് ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് രുമ പാൽ, ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരുമെത്തി. ജസ്റ്റിസ് ഫാത്തിമ ബീവി, ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് രുമ പാൽ എന്നിവരുടെ കാലയളവിൽ അവർ ഓരോരുത്തരും സുപ്രീം കോടതിയിലെ ഏക വനിത ജഡ്ജിയായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി 1992 ൽ വിരമിച്ചു. തുടർന്ന് 1994 ലാണ് ജസ്റ്റിസ് സുജാത മനോഹർ സുപ്രീം കോടതി ജഡ്ജിയായത്. 1999 ൽ വിരമിച്ചു. ജസ്റ്റിസ് രുമ പാൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായതാകട്ടെ 2000 ത്തിലാണ്. 2006 ൽ വിരമിച്ചു. 2010 ൽ ജസ്റ്റിസ് ഗ്യാൻ സുധ മിശ്രയെ ജഡ്ജിയായി നിയമിക്കുന്നതുവരെ സുപ്രീം കോടതിയിൽ വനിത ജഡ്ജിമാരുണ്ടായിരുന്നില്ല. 2011 ൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി നിയമിതയായതോടെയാണ് ഒരുമിച്ച് രണ്ടു പേർ വനിത ജഡ്ജിമാരായത്. ഇവർ ആദ്യത്തെ സമ്പൂർണ്ണ വനിത ബെഞ്ചായി മാറിയതും ചരിത്രം.

Advertisement
Advertisement