പഠനത്തിൽ മോശമാണെന്ന് രക്ഷിതാക്കളെ അറിയിച്ചു; ഗർഭിണിയായ അദ്ധ്യാപികയെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചു

Thursday 01 December 2022 9:08 PM IST

ഗുവാഹത്തി: ഗർഭിണിയായ അദ്ധ്യാപികയെ വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിലുണ്ടായ സംഭവത്തിൽ അഞ്ച് മാസം ഗർഭിണിയായ ചരിത്രാദ്ധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ജവഹർ നവോദയ വിദ്യാലയത്തിലെ 22 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായാണ് വിവരം. പഠനത്തിൽ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നു എന്ന് രക്ഷിതാക്കാളെ അറിയിച്ചതിന് പിന്നാലെയാണ് പത്ത്, പതിനൊന്ന് ക്ളാസുകളിലെ വിദ്യാർത്ഥികൾ അദ്ധ്യാപികയെ കൂട്ടമായി ആക്രമിച്ചത്. പേരന്റ്സ് മീറ്റിംഗിന് ശേഷം പുറത്തിറങ്ങിയ സമയത്തായിരുന്നു കൃത്യം നിർവഹിച്ചത്.

അദ്ധ്യാപികയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ആക്രമിക്കുകയും ചെയ്ത് വിദ്യാർത്ഥികൾ സംഭവത്തിൽ ഇടപെട്ട പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും ആക്രമിക്കുകയുണ്ടായി. സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ അദ്ധ്യാപികയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. സസ്പെൻഡ് ചെയ്തതിനാൽ തന്നെ വിദ്യാ‌ർത്ഥികൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പ്രിൻസിപ്പൽ ആരോപിച്ചു. സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല എന്ന് പൊലീസ് അറിയിച്ചു.