രാമഭക്തരുടെ നാട്ടിൽ രാവണനെന്ന് വിളിക്കരുത്,​ ഖാർഗെയ്ക്ക് മറുപടിയുമായി മോദി

Friday 02 December 2022 1:49 AM IST

ഗാന്ധിനഗർ: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ കാലോലിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്നു വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുകയെന്നതിൽ കോൺഗ്രസ് പാർട്ടിയിൽ മത്സരമുണ്ട്. മോദിയുടെ മരണം പട്ടിയുടേതു പോലെയാകുമെന്നും ഹിറ്റ്ലറുടേതു പോലെയാകുമെന്നുമൊക്കെ ഓരോരുത്തർ പറയുന്നു. അവസരം ലഭിച്ചാൽ​ മോദിയെ കൊല്ലുമെന്നു വരെ പറഞ്ഞവരുണ്ട്. പാറ്റയെന്നും രാക്ഷസനെന്നും രാവണൻ എന്നുമൊക്കെ തന്നെ വിളിക്കുന്നവരുണ്ട്. കോൺഗ്രസ് പേരു വിളക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. അവർക്ക് ഒരിക്കലും പശ്ചാത്താപം ഉണ്ടാവാറി​ല്ല. മോദിയെ വിമർശിക്കുന്നത് അവകാശമായാണ് കോൺഗ്രസ് കാണുന്നത്.

ഗുജറാത്ത് തനിക്ക് തന്ന കരുത്ത് കോൺഗ്രസിനെ ബുദ്ധിമുട്ടിച്ചു. ഖാർഗെയെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹം ചോദിച്ചത് പറയേണ്ടി വരും. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോൺഗ്രസിന് അറിയില്ലെന്നും മോദി പറഞ്ഞു.

മോദി 'രാവണൻ'

കഴി‌ഞ്ഞയാഴ്ച അഹമ്മദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മല്ലികാർജ്ജുൻ ഖാർഗെ മോദിയെ രാവണനോടുപമിച്ചത്. മോദി ജി പ്രധാനമന്ത്രിയാണ്. തന്റെ ഉത്തരവാദിത്വങ്ങൾ മറന്ന് അദ്ദേഹം എം.എൽ.എ,​എം.പി തിരഞ്ഞെടുപ്പുകൾക്കും മറ്റുമായി പ്രചാരണം നടത്തുന്നു. എല്ലായ്പ്പോഴും തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നു. നിങ്ങൾക്ക് എത്ര മുഖങ്ങളുണ്ട്. മോദിയുടെ മുഖം എത്ര തവണ കാണണം. മോദിക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ എന്നായിരുന്നു ഖാർഗെയുടെ പരാമർശം. മുൻസിപ്പാലിറ്റിയിലേക്കോ കോർപ്പറേഷനിലേക്കോ നിയമസഭയിലേക്കോ ആകട്ടെ,​ മോദിയുടെ പേരു പറഞ്ഞാണ് സ്ഥാനാർത്ഥികൾ വോട്ടു തേടുന്നത്. സ്ഥാനാർത്ഥിയുടെ പേരിലാണ് വോട്ടു ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് കോൺഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രിയും മോദിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.