ഒരു വോട്ടർക്ക് മാത്രമായി ബൂത്ത്

Friday 02 December 2022 1:50 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നലെ കഴിഞ്ഞപ്പോൾ ഗുജറാത്തിലെ ഒരു ബൂത്ത് വാർത്തകളിൽ ഇടം നേടി. ഒരൊറ്റ വോട്ടർക്കു വേണ്ടിയാണ് ഒരു ബൂത്ത് ഒരുങ്ങിയത്. തിരഞ്ഞെടുപ്പിൽ സാർവത്രിക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മഹന്ത് ഹരിദാസ്ജി ഉദസിൻ എന്ന വോട്ടർക്കു വേണ്ടി മാത്രമായി വനത്തിൽ പോളിംഗ് ബൂത്ത് സ്ഥാപിച്ചത്. ഗുജറാത്തിലെ ഗിർ വനത്തിൽ ബനേജിലാണ് ബൂത്ത് ഒരുങ്ങിയത്. രാജ്യത്ത് ഇതിനു മുമ്പും തിരഞ്ഞെടുപ്പിൽ ഒരു വോട്ടർക്കു മാത്രമായി ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. 

വോട്ട് ചെയ്യാതിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയിരുന്നു. അതിനായി ദുഷ്ക്കരമായ പ്രദേശങ്ങളിൽ കഴിയുന്ന അവശതയിലുള്ളവർക്കും വികലാംഗരായിട്ടുള്ളവർക്കും ബുദ്ധിമുട്ടില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യമൊരുക്കി. അതിന്റെ ഭാഗമായാണ് ഒരു വോട്ടർക്കായി സൗകര്യമൊരുക്കിയതും. സൗകര്യങ്ങൾ ഒരുക്കിയതിന്റെ ചിത്രങ്ങൾ കമ്മിഷൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അറബിക്കടലിനാൽ ചുറ്റപ്പെട്ടതും ബോട്ടിൽ മാത്രം എത്തിച്ചേരാൻ കഴിയുന്നതുമായ അമ്റേലി ജില്ലയിലെ ഷിയാൽബെറ്റിൽ അഞ്ച് ബൂത്തുകൾ സ്ഥാപിച്ചു. പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ104 വയസുള്ള റാംജി ഭായിയുടെയും സുരേന്ദ്ര നഗർ ജില്ലയിലെ പോളിംഗ് സ്റ്രേഷനിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാഴ്ചപരിമിതിയുള്ള വോട്ടർമാരുടെയും ചിത്രങ്ങൾ കമ്മിഷൻ പങ്കു വച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ഹെൽത്ത് ബൂത്ത് ജുനഗഡ് ജില്ലയിൽ ഒരുക്കിയെന്നും കമ്മിഷൻ പറഞ്ഞു. കമ്മിഷന്റെ കണക്കനുസരിച്ച് 18നും 19നും ഇടയിൽ പ്രായമുള്ള 5,74,560 വോട്ടർമാരുണ്ട്. 4945 വോട്ടർമാർ 99 വയസിനു മുകളിൽ പ്രായമുള്ളവരാണ്. 163 എൻ.ആർ.ഐ വോട്ടർമാരുണ്ട്. 14,382 വോട്ടിംഗ് കേന്ദ്രങ്ങളുള്ളതിൽ 3,311 എണ്ണം നഗര പ്രദേശങ്ങളിലും 11,071 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണ്. 

Advertisement
Advertisement