സിസ്റ്രം തകരാറിലായി മുംബയ് വിമാനത്താവളത്തിൽ വൻ ക്യൂ

Friday 02 December 2022 2:04 AM IST

മുംബയ്: മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ സിസ്റ്റം തകരാറായതിനെത്തുടർന്ന് രൂപപ്പെട്ടത് വൻ ക്യൂ. മാനുവൽ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് കാലതാമസം നേരിട്ടു. ലഗേജ് ഡ്രോപ്പിനായി മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തിരുന്നത്. ആഭ്യന്തര വിമാനങ്ങൾ കൈകാര്യം ചെയ്യാറുണ്ടെങ്കിലും കൂടുതലും അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യങ്ങളാണ് ടെർമിനൽ രണ്ടിൽ കൈകാര്യം ചെയ്യുന്നത്. താത്കാലിക തടസ്സത്താൽ ചെക്ക് ഇൻ ചെയ്യാൻ അധിക സമയം എടുക്കുമെന്നും ഇക്കാര്യം യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. യാത്ര സുഗമമാക്കുന്നതിന് മാനുവലായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അസൗകര്യത്തിൽ ഖേദിക്കുന്നെന്നും എയർപോർട്ട് ലിമിറ്രഡിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.