വിഴിഞ്ഞം സമരം; എസ് ഐയുടെ പരാതിയിൽ പത്തുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്, ആകെ കേസുകൾ 168 ആയി

Friday 02 December 2022 9:03 AM IST

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ എസ്.ഐ ലിജോ കെ.മണിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൂവായിരത്തോളം പേരാണ് സ്‌റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതായും സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കൊണ്ട് കാലിലിടുകയായിരുന്നു.ആ നിമിഷം കാൽ നിലത്തുകുത്താൻ സാധിച്ചില്ലെന്നും രണ്ടു പൊലീസുകാരുടെ സഹായത്തോടെയാണ് സ്‌റ്റേഷനകത്തേക്കെത്തിയതെന്നും സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ എസ്.ഐ പ്രതികരിച്ചിരുന്നു.

ഇതുവരെ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകളിൽ 168ഓളം കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആക്രമണത്തിൽ പ്രതികളായ സ്‌ത്രീകളടക്കം ആയിരത്തോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുളള സംഘമാണ് വിഴിഞ്ഞം ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.