മാധവനെതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം, പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടതാണെന്ന് ബെന്യാമിൻ

Friday 02 December 2022 10:08 AM IST

ഹേമന്ത് ജി നായർ ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന് പേരിട്ടതിനെതിരെ കഴിഞ്ഞ ദിവസം എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്തെത്തിയിരുന്നു. ഇതേ പേരിലുള്ള പ്രശസ്തമായ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവുമില്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു എൻ എസ് മാധവന്റെ പ്രതികരണം.

ഇതിനുപിന്നാലെ എൻ എസ് മാധവന്റെ 'ഹിഗ്വിറ്റ'യുമായി തന്റെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ഹേമന്ത് ജി നായർ പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ സിനിമയ്ക്ക് ഈ പേര് നൽകുന്നത് ഫിലിം ചേംബർ വിലക്കുകയും ചെയ്‌തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടതാണെന്ന് ബെന്യാമിൻ പ്രതികരിച്ചു. 'അപ്പൻ' അടക്കമുള്ള പല കഥകളുടെ പേരുകളും ക്രെഡിറ്റ് പോലും വയ്‌ക്കാതെ സിനിമാക്കാർ ഓസിന് ചൂണ്ടിക്കൊണ്ടുപോയതാണെന്നും, എൻ എസ് മാധവനെ വിമർശിക്കുന്നവർ ഈ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹിഗ്വിറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല.

ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവന് എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.

അതേസമയം, സിനിമയ്‌ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകുന്നത് വിലക്കിയ ഫിലിം ചേംബറിന് എൻ എസ് മാധവൻ നന്ദി പറഞ്ഞിട്ടുണ്ട്. സിനിമയുടെ പേര് ഹിഗ്വിറ്റ എന്ന് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബർ ഉറപ്പുനൽകിയെന്നും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതോടൊപ്പം സിനിമയക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേരുകയും ചെയ്‌തു.