'ശാഖയിലേയ്ക്ക്  തിരിച്ചുപോകൂ', ജെ എൻ യു ക്യാമ്പസ് ചുമരുകളിൽ  ബ്രാഹ്മണ  വിരുദ്ധ  മുദ്രാവാക്യങ്ങൾ, പിന്നിൽ ഇടതുസംഘടനകളെന്ന് എ ബി വി പി

Friday 02 December 2022 10:57 AM IST

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ എൻ യു) ക്യാമ്പസിലെ കെട്ടിടങ്ങളുടെ ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ. ഇന്നലെ ക്യാമ്പസിലെ സ്കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കെട്ടിടത്തിലാണ് എഴുത്തുകൾ കാണപ്പെട്ടത്. നളിൻ കുമാർ മൊഹപത്ര, രാജ് യാദവ്, പ്രവേശ് കുമാർ, വന്ദന മിശ്ര തുടങ്ങിയ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള പ്രൊഫസർമാരുടെ ചേമ്പറുകളുടെ ചുമരുകളിൽ 'ശാഖയിലേയ്ക്ക് തിരിച്ചുപോകൂ', 'ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകൂ' 'ഞങ്ങൾ നിങ്ങളെ തേടി വരികയാണ്', 'ഞങ്ങൾ പ്രതികാരം ചെയ്യും' തുടങ്ങിയ എഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്.

പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് ജെ എൻ യു ടീച്ചേർഴ്‌സ് ഫോറം ട്വീറ്റ് ചെയ്തു. എതിർസ്വരങ്ങളെ ഭയപ്പെടുത്താനുള്ള ഇടത് ലിബറൽ സംഘത്തിന്റെ നീക്കമാണിതെന്നും ഫോറം ആരോപിച്ചു.

ചുമരെഴുത്ത് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ബ്രാഹ്മണരുടെ ജീവനും പ്രാധാന്യമുണ്ടെന്ന മുദ്രാവാക്യങ്ങൾ ഏറെ പ്രചരിക്കുകയാണ്.

അതേസമയം, സർവകലാശാല എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ചില അജ്ഞാത ഘടകങ്ങൾ ചുമരുകൾ നശിപ്പിച്ച സംഭവം സർവകലാശാല വൈസ് ചാൻസലർ ഗൗരമായി പരിശോധിക്കുകയാണ്. ഇത്തരം പ്രവണതകളെ അപലപിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘടനയായ എ ബി വി പിയും സംഭവത്തെ അപലപിച്ചു. പുരോഗമനചിന്താഗതിയുള്ള അദ്ധ്യാപകരെ ഭയപ്പെടുത്തുന്നതിനായി ഇടതുസംഘടനകളാണ് ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതെന്നും ഇവർ ആരോപിച്ചു.