ഐ എസ് ആർ ഒ ചാരക്കേസ്; ഗൂഢാലോചനയിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ  സുപ്രീം  കോടതി തള്ളി

Friday 02 December 2022 11:30 AM IST

ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രതികളുടെ അപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഐ ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡി ജി പി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതിന് ശേഷം നാലാഴ്ചയ്ക്കകം തീർപ്പുണ്ടാക്കണം. ഇതിൽ തീ‌ർപ്പാകുന്നതുവരെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചില വസ്തുതകൾ കണക്കിലെടുക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ജസ്റ്റിസ് ഡി കെ ജയിൻ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം നടത്തിയതെന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന സി ബി ഐയുടെ ആരോപണവും ഓരോ പ്രതിക്കും എതിരായ കേസുകളുടെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞർക്കും എതിരെ ചാരക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിൽ വിദേശ ശക്തികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സി ബി ഐയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചിരുന്നു. ആർ ബി ശ്രീകുമാറിന് വേണ്ടി കപിൽ സിബലും സിബി മാത്യുസിന് വേണ്ടി ജോജി സ്കറിയയും പി എസ് ജയപ്രകാശിന് വേണ്ടി കാളീശ്വരം രാജുമാണ് ഹാജരായത്.

Advertisement
Advertisement