കറുത്ത വംശജയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമർശം; സ്റ്റാർബക്സ് ജീവനക്കാരന് സസ്‌പെൻഷൻ

Friday 02 December 2022 12:07 PM IST

വാഷിംഗ്ടൺ: കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയ സ്റ്റാർബക്സ് ജീവനക്കാരനെതിരെ നടപടി. പ്രമുഖ കോഫി ബ്രാൻഡായ സ്റ്റാർബക്സിന്റെ യു എസിലെ മേറിലാൻഡിലുള്ള ശാഖയിലാണ് സംഭവം.

കാപ്പി ഓർഡർ ചെയ്ത കറുത്ത വംശജയുടെ കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു ജീവനക്കാരൻ എഴുതിയത്. ഓർഡർ ചെയ്തയാളുടെ പേര് രേഖപ്പെടുത്തേണ്ട ഇടത്തായിരുന്നു അധിക്ഷേപകരമായ ഈ പരാമർശം. മോണിക് പഗ് എന്ന വനിതയ്ക്കാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. ഓർഡർ സ്വീകരിക്കുന്ന സമയത്ത് മോണികിന്റെ പേര് ചോദിച്ചിരുന്നുവെങ്കിലും ലഭിച്ച കോഫി കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു എഴുതിയിരുന്നത്. തനിക്ക് മുന്നിൽ ക്യൂവിലുണ്ടായിരുന്നവരുടെയെല്ലാം പേര് കൃത്യമായി കോഫി കപ്പിന് പുറത്ത് രേഖപ്പെടുത്തിയിരുന്നുയെന്നും ഷോപ്പിൽ ഈ സമയത്തുണ്ടായിരുന്ന ഒരേയൊരും കറുത്ത വംശജ താനായിരുന്നുവെന്നും മോണിക് പറഞ്ഞു.

കപ്പിൽ എഴുതിയത് കൗണ്ടറിൽ ചുണ്ടിക്കാണിച്ചപ്പോൾ അയാൾ ദേഷ്യപ്പെട്ടാതയും ക്ഷമാപണം നടത്താൻ വിസമ്മതിച്ചതായും വനിത പറഞ്ഞു. മോശം പെരുമാറ്റം നടത്തിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായി സ്റ്റാർ ബക്ക്സ് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

Advertisement
Advertisement