ഭഗവാൻ ഗീതോപദേശം ചെയ്‌ത പുണ്യദിനം,​ ഗുരുവായൂർ ഏകാദശി ഇത്തവണ ഈ ദിവസങ്ങളിൽ,​ ആചരിക്കുന്നവർ ചെയ്യേണ്ടത്

Friday 02 December 2022 12:11 PM IST

ഭൂലോക വൈകുണ്‌ഠമെന്ന പേര് കേട്ട വിശ്വപ്രസിദ്ധ ക്ഷേത്രമാണല്ലോ ഗുരുവായൂർ ക്ഷേത്രം. വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തിലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ നടത്തിയത് അതിനാൽ വൃശ്ചികമാസത്തിലെ ഏകാദശി ദിനത്തിൽ വ്രതമനുഷ്‌ഠിക്കുന്നത് അത്യുത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തവണ ഡിസംബർ 3,​4 ദിവസങ്ങളിലാണ് ഗുരുവായൂരിൽ ഏകാദശി ആഘോഷിക്കുന്നത്. ഇതിൽ ഡിസംബർ നാല് ഞായറാഴ്‌ചയാണ് ഏകാദശി വ്രതമെടുക്കേണ്ടത്.

ഏകാദശിയുടെ ഒടുവിലെ 15 നാഴികയിലും ദ്വാദശിയുടെ ആദ്യ 15 നാഴികയിലും വ്രതമെടുക്കുന്നവർ നാരായണ നാമജപത്തിന് വിനിയോഗിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച് ആഹാരമോ ഉറക്കമോ പാടില്ല. വ്രതമെടുക്കുന്നവർ തലേന്ന് ഒരിക്കലൂണ് മാത്രമേ പാടുള‌ളു. വ്രതദിനത്തിൽ രാവിലെ കുളിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താം. സാധിക്കാത്തവർക്ക് അടുത്തുള‌ള വിഷ്‌ണുക്ഷേത്ര ദർശനം നടത്താവുന്നതാണ്.

ഏകാദശി ആഘോഷങ്ങളുടെ തുടക്കമായി ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്‌ടമി വിളക്ക് എഴുന്നള‌ളത്ത് നടന്നു. കൊമ്പൻ വിഷ്‌ണുവിന്റെ പുറത്താണ് ഭഗവാന്റെ സ്വർണക്കോലം എഴുന്നള‌ളിച്ചത്. ഇന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്‌മരണത്തിന്റെ ഭാഗമായി പുന്നത്തൂർ കോട്ടയിലെ പതിനഞ്ച് ആനകൾ ഗജരാജന്റെ പ്രതിമയ്‌ക്ക് പ്രണാമം അർപ്പിക്കുന്ന ചടങ്ങ് നടന്നു. ഗുരുവായൂരപ്പന്റെ സ്വർണക്കോലം എഴുന്നള‌ളിക്കാറുള‌ള കൊമ്പൻ ഇന്ദ്രസെൻ അടക്കമുള‌ള ആനകൾ പങ്കെടുത്തു. തുടർന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അൻപതോളം കലാകാരന്മാർ അണിനിരന്ന പഞ്ചരത്ന കീർത്തനാലാപനം നടന്നു.