'ജനാധിപത്യത്തിൽ എന്ത് ചെയ്യണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞുതരേണ്ടതില്ല'; ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ

Friday 02 December 2022 12:26 PM IST

ന്യൂയോർക്ക്: ജനാധിപത്യത്തിന്റെ കാര്യത്തിൽ എന്തുചെയ്യണമെന്ന് ഇന്ത്യയോട് ആരും പറയേണ്ടതില്ലെന്ന് ഐക്യരാഷ്ട്ര (യു എൻ) സഭയിൽ ഇന്ത്യയുടെ അംബാസഡർ രുചിര കംബോജ്. കഴിഞ്ഞ ദിവസമാണ് രുചിര യു എൻ രക്ഷാ സമിതിയുടെ ഡിസംബർ മാസത്തെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യയിലെ ജനാധിപത്യത്തെയും മാദ്ധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അവർ. യുഎന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥിരം പ്രതിനിധിയാണ് രുചിര.

'ലോകത്തിലെ ഏറ്റവും പുരാതന നാഗരിക സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യ. 2500 വർഷത്തെ പഴക്കമുണ്ട് ഇന്ത്യയിലെ ജനാധിപത്യത്തിന്. ജനാധിപത്യത്തിന്റെ തൂണുകളായ നിയമനിർമാണ സഭ, ഭരണനിർവഹണ സമിതി, നീതിന്യായ കോടതി, മാദ്ധ്യമങ്ങൾ എന്നിവയ്ക്കൊപ്പം സമൂഹമാദ്ധ്യമങ്ങളും ഇന്ത്യയിൽ ഊർജസ്വലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഓരോ അഞ്ച് വർഷവും തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. '- രുചിര പറഞ്ഞു.