ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടി, പഴി പാലിനും!

Saturday 03 December 2022 12:00 AM IST

കോട്ടയം. ഒരു ലിറ്റർ പാലിന് സർക്കാർ ആറ് രൂപ കൂട്ടിയതിന്റെ മറവിൽ ചായയ്ക്കും കാപ്പിക്കുമൊപ്പം ആഹാരസാധനങ്ങളുടെ വിലയും മിക്ക ഹോട്ടലുകളും കൂട്ടി.

അരലിറ്റർ പാലുകൊണ്ട് ഏഴ് ചായയോ കാപ്പിയോ അടിക്കാമെന്നതാണ് ഹോട്ടലുകാരുടെ കണക്ക്. അരലിറ്റർ പാലിന് മൂന്നു രൂപയുടെ വർദ്ധന അനുസരിച്ച് 50 പൈസ കൂട്ടേണ്ടിടത്ത് ഒരു രൂപ മുതൽ മൂന്നു രുപവരെയാണ് പലരും വർദ്ധിപ്പിച്ചത്. പഞ്ചസാര വില കിലോയ്ക്ക് 40 രൂപയിൽ സ്റ്റെഡിയായി നിൽക്കുന്നു. തേയിലയ്ക്കും കാപ്പിപ്പൊടിക്കും സമീപകാലത്ത് വില വർദ്ധനവുണ്ടായിട്ടില്ല. എന്നിട്ടും പാൽവിലയുടെ പേരിൽ ചായയ്ക്കും കാപ്പിക്കും 30 ശതമാനം വരെയാണ് ഇടത്തരം ഹോട്ടലുകൾ വർദ്ധിപ്പിച്ചത്. നേരത്തേ 10 രൂപയ്ക്ക് ചായ ലഭിച്ചിരുന്നത് 12 ആക്കിയിരുന്നത് 15 രൂപ വരെ ഉയർത്തി. എന്നാൽ വില വർദ്ധിപ്പിക്കാത്ത ഹോട്ടലുകളുമുണ്ട്.

മൈദയ്ക്കും ആട്ടയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും വില കയറിയതിനൊപ്പം ചപ്പാത്തി, പൊറോട്ട വിലയും ഉയർത്തി. ഉഴുന്നു വില കൂടിയതോടെ സാദാ ദോശയ്ക്കും മസാലയ്ക്കും ഉഴുന്നുവടയ്ക്കും വില കൂട്ടി. വെളിച്ചെണ്ണ വില കുറഞ്ഞെങ്കിലും ഹോട്ടലുകൾ കൂടുതൽ ഉപയോഗിക്കുന്ന വിവിധ ഇനം ഭക്ഷ്യ എണ്ണ കിലോയ്ക്ക് 30 രൂപ വരെ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഹാര സാധനങ്ങളുടെ വിലവർദ്ധിപ്പിക്കാതെ ഹോട്ടലുകൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.

ക്രിസ്മസ് കേക്കിനും വില കൂടും.

മൈദ വില കൂട്ടിയതോടെ ബേക്കറി പലഹാര വിലയും ഉയർന്നു. ക്രിസ്മസ് വിപണിയിൽ ഏറെ വിൽപ്പനയുള്ള കേക്കിന് കഴിഞ്ഞ വർഷത്തേതിലും 20 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.

ഹോട്ടൽ ഉടമ സുഭാഷ് പറയുന്നു.

"സാധന വില കുതിച്ചു കയറിയതിനൊപ്പം ഇടത്തരം ഹോട്ടലുകളെല്ലാം വില കൂട്ടി. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളിൽ വില വൻതോതിൽ ഉയർത്താനാവില്ല. ഇനിയും പിടിച്ചു നിൽക്കാൻ സാദാ ഹോട്ടലുകൾക്ക് കഴിയില്ല. പൂട്ടാതിരിക്കണമെങ്കിൽ വില കൂട്ടണം".

Advertisement
Advertisement