പൂട്ടി കെട്ടി മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതി

Saturday 03 December 2022 3:26 AM IST

പാലോട്: സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതി പ്രദേശം പൂട്ടി കെട്ടി. നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടിയിൽ വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ മീൻമുട്ടി ചെറുകിട വൈദ്യുതി പ്രദേശത്തോടനുബന്ധിച്ച് സ്ഥിതി ചെയ്തിരുന്ന ടൂറിസം കേന്ദ്രമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ച് പൂട്ടിയത്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ ഇവിടെ വിനിയോഗിച്ചത് 45 ലക്ഷം രൂപയാണ്.

ഒരു എൻജിൻ ബോട്ടും, നാല് പെഡസ്ട്രൽ ബോട്ടുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതെല്ലാം കരയിൽ കയറ്റി അലക്ഷ്യമായി തള്ളിയ നിലയിലാണ്. ലാൻഡ്സ്കേപ്പ്, ഫ്ലവർ ബെഡ്സ്, കിഡ്സ്‌ പ്ലെയിംഗ് ഏരിയ, വാട്ടർ കാസ്കേഡ് എന്നിവയും ഉണ്ടായിരുന്നു. ഇവിടമൊക്കെ കാടുകയറിയ നശിച്ചു കഴിഞ്ഞു.ബോട്ട് ഡ്രൈവർ ഉൾപ്പെടെ താത്കാലികമായി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടു.ഇതോടെ മീൻമുടി ഹൈഡൽ ടൂറിസത്തിന് അവസാനമാവുകയും ചെയ്തു.

ടൂറിസം പ്രദേശം നിശ്ചലമായതിന്

കാരണം റോഡ് തകർച്ച

ടൂറിസം പ്രദേശത്തേക്കുള്ള കുടവനാട്, ആനക്കുഴി, പാലുവള്ളി റോഡുകളിൽ പേരുകൾപോലെ തന്നെ ആനക്കുഴികളാണുള്ളത്.സ്‌കൂൾ, ആരാധനാലയങ്ങൾ, മീൻമുട്ടി ടൂറിസം കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. താന്നിമൂട്ടിൽ നിന്ന് പേരയത്തേക്കുള്ള റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ആറുമാസം തികഞ്ഞില്ല. എന്നിട്ടും പുതിയ റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി. നന്ദിയോട് പാലുവള്ളി റോഡ് തകർന്ന് തരിപ്പണമായത് കൂടാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കടുവാപ്പാറപാലം ഭാഗികമായി തകർന്നു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ അടക്കം സർവീസ് നടത്തിയിരുന്ന ഈ പാലം തകർന്ന് 10 മാസമായിട്ടും അധികാരികൾ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

തകർന്ന കടുവാപ്പാറപാലം

കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളും സർവീസുകൾ അവസാനിപ്പിച്ചു. വെഞ്ഞാറമൂട് പാലോട് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി. സ്‌കൂളുകളിൽ പ്രവർത്തനം പുനഃരാരംഭിച്ചതോടെ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചടച്ചിക്കരിക്കകം, മീൻമുട്ടി, പാലുവള്ളി എന്നീ മേഖലകൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. കടുവാപ്പാറ പാലം പുനർ നിർമ്മിക്കാനായി 27,50000 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അനുവദിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിനിടെയാണ് ടൂറിസം കേന്ദ്രം അടച്ചു പൂട്ടിയതെന്ന് വാർഡ് മെമ്പർ പേരയം സിഗ്നി പറഞ്ഞു.

Advertisement
Advertisement