കണ്ണും വയറും നിറയ്ക്കുന്ന ഷോപ്പിംഗ് അനുഭവം.

Saturday 03 December 2022 12:00 AM IST

കോട്ടയം. 3100 രൂപയുടെ കേക്കോ?​ വില കേട്ട് മൂക്കത്ത് വിരൽവയ്ക്കേണ്ട. 200 രൂപയ്ക്കും കേക്ക് ലഭിക്കും. കേക്ക് മാത്രമല്ല നല്ല ഭക്ഷണവും വസ്ത്രവും വീട്ടുപകരണങ്ങളുമൊക്കെ ഒരുകുടക്കീഴിലുണ്ട്. കാഴ്ച കണ്ട് ഭക്ഷണം കഴിച്ച് ആനന്ദമേകുന്ന പുത്തൻ ഷോപ്പിംഗ് അനുഭവമാണ് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ എക്സോപോയിലൂടെ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷ​ൻ (കെ.ത്രി.എ)​ ഒരുക്കുന്നത്.

ക്രിസ്മസ് - ന്യൂഇയർ പ്രമാണിച്ച് ആരംഭിച്ച കെ.ത്രി.എ എക്സ്പോയിൽ തിരക്കേറുകയാണ്. കേരളത്തിലെ പ്രശസ്തരായ പതിനാലോളം ബേക്കറികളിലെ നൂറിലധികം കേക്കുകൾ സൗജന്യമായി രുചിച്ചുനോക്കാനും ക്രിസ്മസ് ന്യൂഇയർ സമ്മാനമായി നൽകുന്ന കേക്കുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനും അവസരമുണ്ട്.

കേക്ക് മാത്രമല്ല വൈൻ, ഹോംമേയ്ഡ് ചോക്ലേറ്റ്, ജാം, നട്ട്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഹാംപറാണ് പ്രധാന ആകർഷണം. ആളുകളുടെ ഇഷ്ടാനുസരണം പല നിരക്കിൽ ഇവ ലഭിക്കും. ക്രിസ്മസ് സ്പെഷ്യൽ കേക്കുകളായ ജിഞ്ചർ ബ്രഡ് ഹൗസ്, റിച്ച് പ്ലം, റെയ്സിൻ ഫ്ലോറിഡ, റം ആൻഡ് റെയ്സിൻ തുടങ്ങിയവയും സന്ദർശകരെ ആകർഷിക്കുന്നു.

കേറ്ററിം​ഗ് അസോസിയേഷ​ന്റെ പത്തിലധികം പ്രശസ്തരായ കേറ്ററേഴ്സി​ന്റെ വിവിധ ഭക്ഷണശാലകൾ രുചി പകരുന്നു. മെഴ്സിലിസ് ഐസ്ക്രീം മേള, ക്രിസ്മസ് അലങ്കാരങ്ങൾ, നക്ഷത്രങ്ങൾ, ആധുനിക വസ്ത്രങ്ങളുമായി പ്രമുഖ ബൊട്ടിക്കുകൾ, അലങ്കാരച്ചെടികൾ, ​ഗൃഹോപകരണങ്ങൾ, ഫുഡ് കോർട്ടുകൾ ഉൾപ്പെടെ നൂറോളം ​സ്റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം. പ്രവേശനം പാസ് മൂലം. മേള നാളെ സമാപിക്കും.

Advertisement
Advertisement