മദ്യം വാങ്ങുന്നതിനെ ചൊല്ലി ബിവറേജസ് പരിസരത്ത് സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

Friday 02 December 2022 7:57 PM IST

ഇടുക്കി: കുമളിയിൽ ബിവറേജസിന് മുൻപിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി 66-ാം മൈൽ സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കഞ്ഞിക്കുഴി സ്വദേശി അമലാണ് മദ്യലഹരിയിൽ ആക്രമണം നടത്തിയത്. കൂട്ടം ചേർന്ന് മദ്യപിക്കുന്നതിനിടയിൽ വീണ്ടും മദ്യം വാങ്ങിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകോപിതനായ അമൽ കൂടെയുള്ളവരെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതമായി പൊലീസ് അറിയിച്ചു.