ഇരുമ്പു ദണ്ഡ് തുളച്ചു കയറി, ട്രെയിൻ യാത്രികന് ദാരുണാന്ത്യം

Saturday 03 December 2022 1:26 AM IST

ലക്‌നൗ: ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പു ദണ്ഡ് കഴുത്തിൽ തുളച്ചു കയറി ട്രെയിൻ യാത്രികന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സുൽത്താൻപൂർ ​സ്വദേശിയായ ഹരികേഷ് കുമാർ ദുബെയ്ക്കാണ് (34) ദുരനുഭവം ഉണ്ടായത്. റെയിൽവേ ട്രാക്കിലെ ജോലിയ്ക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പു ദണ്ഡ് ട്രെയിനിന്റെ ജനൽച്ചില്ല് തകർത്ത് ഹരികേഷിന്റെ കഴുത്തിൽ തുളച്ചു കയറുകയായിരുന്നു. സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിൽ ദൻവാറിനും സോമനയ്ക്കും ഇടയിൽ ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. അപ്പോൾ തന്നെ ഹരികേഷിന് അന്ത്യം സംഭവിച്ചു.

ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന നിലനാചൽ എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോമോട്ടിവ് എൻജിനിൽ നിന്ന് രണ്ടാമതുള്ള ജനറൽ കോച്ചിൽ ജനലിനോട് ചേർന്നിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഹരികേഷ്. അപകട ശേഷം പരിഭ്രാന്തരായ യാത്രക്കാർ ഒമ്പതരയോടെ ട്രെയിൻ അലിഗഡ് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അലിഗഡ് ജംഗ്ഷനിൽ മൃതദേഹം റെയിൽവേ പൊലീസിന് കൈമാറി. ട്രാക്കിനോട് ചേർന്ന് അറ്റകുറ്റപ്പണി നടത്തിയ റെയിൽവേ ജീവനക്കാർ അശ്രദ്ധമായി ഇരുമ്പ് ദണ്ഡ് ഉപേക്ഷിച്ചതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ടെലിഫോൺ ടെക്നിഷ്യനായ ഹരികേഷ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ലക്‌നൗവിലേക്ക് പോകുകയായിരുന്നു. ഭാര്യ ശാലിനി ദുബെയ്ക്കും നാലും ഏഴും വയസുള്ള കുട്ടികൾക്കുമൊപ്പം കുറച്ചു നാൾ മുമ്പാണ് ഡൽഹിയിലേക്ക് താമസം മാറിയത്.

ഇടിച്ചു കയറിയ ദണ്ഡ് ഹരികേഷിന്റെ ശരീരത്തിൽ തുളച്ചുകയറിയ ശേഷം ബർത്തുകളെ വേർതിരിക്കുന്ന ഭാഗത്ത് ഒരടിയിലധികം തുളച്ചു കയറി. ജനൽച്ചില്ല് തകർന്ന് യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ അപകട നില തരണം ചെയ്തു.

ട്രെയിൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് സ‌ഞ്ചരിച്ചിരുന്നത്. ആനന്ദ് വിഹാർ സ്റ്രേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അലിഗഡിലെത്താൻ 30 കിലോമീറ്റർ കൂടി ശേഷിക്കെയായിരുന്നു അപകടം. ഹരികേഷിന്റെ പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അലിഗഡ് സ്റ്രേഷൻ ഹൗസ് ഒാഫീസർ സുബോധ് യാദവ് പറഞ്ഞു. യാത്രക്കാരൻ ജനൽച്ചില്ലുകൾ അടച്ച് നിശ്ശബ്ദനായിരിക്കുകയായിരുന്നെന്നും പെട്ടെന്ന് ഒരു ദണ്ഡ് ജനാലയിലൂടെ തുളച്ചുകയറി മരണം സംഭവിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷിയും അപകടത്തിൽ പരിക്കേറ്ര ഗായത്രി ദേവിയുടെ മകനുമായ വിനയ് സരോജ് പറഞ്ഞു. ആ സമയം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.  ദണ്ഡ് യാത്രക്കാരന്റെ ശരീരത്ത് കയറുകയും ജനൽച്ചില്ലുകൾ അമ്മയുടെ കഴുത്തിൽ മുറിവുണ്ടാക്കുകയും ചെയ്തുവെന്നും വിനയ് പറഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് സമീപം റെയിൽവേ ജിവനക്കാർ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടായിരുന്നുവെന്നും ദൂബെയുടെ കുടുംബം രേഖാമൂലം പരാതി നല്കിയാൽ എഫ്. ഐ.ഐർ രജിസ്റ്രർ ചെയ്യുമെന്നും ആഗ്ര ജി.ആർ.പി ഡിവിഷൻ എസ്.എസ്.പി മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ജി.ആർ.പിയുടെയും ആർ.പി.എഫിന്റെയും സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഹരികേഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഒഫീസർ ഹിമാൻഷു ഉപാദ്ധ്യായ് പറഞ്ഞു.

Advertisement
Advertisement