വീട്ടമ്മക്ക് വീട്ടുമുറ്റത്ത് മർദ്ദനം:  രണ്ടുപേർ  അറസ്റ്റിൽ

Saturday 03 December 2022 12:42 AM IST
ബിജു

മാന്നാർ: വീട്ടമ്മക്ക് വീട്ടുമുറ്റത്ത് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറംതെക്ക് വലിയപറമ്പിൽ ബിജു (53), ബിജുവിന്റെ മകൻ ബിജിൻ (അമ്പാടി,23)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എണ്ണക്കാട് പെരിങ്ങലിപ്പുറംതെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43)ക്കാണ് മർദ്ദനമേറ്റത്. സുജയുടെ വീട്ടുമുറ്റത്ത് കയറി അസഭ്യം പറയുകയും തുടർന്ന് ഭർത്താവുമായുണ്ടായ വഴക്കിന് തടസം പിടിക്കാൻചെന്ന സുജയെ വടി കൊണ്ട് പ്രതികൾ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നവംബർ 30 ന് രാത്രിയിലായിരുന്നു സംഭവം. സുജയുടെ വീട്ടുകാരുമായുള്ള മുൻവിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അഭിരാം, ബിജുക്കുട്ടൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement