ഉപഭോക്തൃ കമ്മിഷൻ അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ ശമ്പളം: സുപ്രീംകോടതി പരിശോധിക്കും
Saturday 03 December 2022 1:46 AM IST
ന്യൂഡൽഹി: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ അതേ ശമ്പളം നൽകണമോയെന്ന് സുപ്രീംകോടതി പരിശോധിക്കും. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിലെ അംഗങ്ങളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബീഹാർ സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ അംഗമായി നിയമിതനായ റിട്ട. ജില്ലാ ജഡ്ജിയാണ് ഒരു ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹം എന്നിവരടങ്ങിയ ബെഞ്ച് കാലാവധി നീട്ടുന്നത് സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ ശമ്പളവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാൻ സമ്മതിച്ചു. ബീഹാർ സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ അംഗമായി തുടരാൻ അനുവദിക്കണമെന്ന അപേക്ഷ തള്ളി. ശമ്പള തുല്യതയുമായി ബന്ധപ്പെട്ട വിഷയം ഡിസംബർ 8ന് പരിഗണിക്കാനും തീരുമാനിച്ചു.