സ്വർണക്കടത്തിന്റെ അടിവേര് ചികയുമ്പോൾ

Saturday 03 December 2022 12:00 AM IST

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മലപ്പുറം എസ്.പി ഓഫീസിൽ നേരിട്ടെത്തി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ആഴത്തിൽ വേരോടുന്ന സ്വർണക്കടത്ത് സംഘങ്ങളെയും ഇവരുടെ ക്രിമിനൽ പ്രവർത്തനങ്ങളെയും എങ്ങനെ അമർച്ച ചെയ്യാം എന്നതായിരുന്നു ചർച്ചയിലെ മുഖ്യ അജൻഡ. ഡി.ജി.പി നേരിട്ടെത്തി നടപടികൾക്ക് രൂപം നല്‌കേണ്ട സ്ഥിതിയിലേക്ക് സ്വർണക്കടത്ത് സംഘങ്ങൾ വളർന്നിരിക്കുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കടുപ്പിക്കാനാണ് ഡി.ജി.പിയുടെ തീരുമാനം. സ്വർണക്കടത്തിനൊപ്പം ഇത് തട്ടിയെടുക്കാനെത്തുന്ന ക്രിമിനൽ സംഘങ്ങളും കരിപ്പൂർ കേന്ദ്രീകരിച്ച് സജീവമാകുന്നുണ്ട്. 2021 ജൂൺ 21ന് പുലർച്ചെ കോഴിക്കോട്ടെ രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശികളായ അഞ്ച് യുവാക്കൾ മരിച്ചു. തലേദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം മൂർക്കനാട് സ്വദേശി ശഫീഖ് മേലേതിൽ നിന്ന് 1.11 കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘമാണ് രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ടത്. സ്വർണം വാങ്ങാനെത്തിയവരും ഇത് തട്ടിയെടുക്കാൻ എത്തിയവരും തമ്മിലെ ഏറ്റുമുട്ടലാണ് വാഹനാപകടത്തിൽ കലാശിച്ചത്. അർജ്ജുൻ ആയങ്കി ഉൾപ്പെടെയുള്ള ചില പ്രതികൾ പിടിയിലാവുകയും ചെയ്തു. സ്വർണം കവർച്ച ചെയ്യാനെത്തുന്ന സംഘങ്ങളും കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നെന്ന വിവരം പുറംലോകമറിഞ്ഞത് രാമനാട്ടുകരയിലെ അപകടത്തിലൂടെയാണ്. കോഴിക്കോട്,​ പാലക്കാട് സ്വദേശികളും കാരിയർമാരുമായ രണ്ട് പ്രവാസികളെ തട്ടികൊണ്ടുപോയി സ്വർണക്കടത്ത് സംഘം കൊലപ്പെടുത്തിയതിനും കരിപ്പൂർ സാക്ഷിയായി. ഹൈവേ കേന്ദ്രീകരിച്ച് സ്വർണകവർച്ച നടത്തുന്ന സംഘത്തെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് പിടികൂടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘങ്ങൾ വലിയതോതിൽ വളരുമ്പോഴും ഇവർക്ക് പൂട്ടിടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടാൻ ലക്ഷ്യമിട്ട് പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട് . ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചു. ഏതാനും മാസങ്ങൾക്കിടെ പൊലീസ് മാത്രം 77 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന സ്വർണമാണ് പൊലീസ് പിടികൂടുന്നത്. സ്വർണക്കടത്ത് മാഫിയകൾ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള ഒറ്റിലൂടെയാണ് വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. കുറച്ചുകാലമായി കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് മാഫിയാ സംഘങ്ങൾ വിലസുമ്പോഴും ഇവരുടെ അടിവേര് തിരയാൻ പൊലീസോ, കസ്റ്റംസോ തയ്യാറായിട്ടില്ല. പലപ്പോഴും കാരിയർമാരുടെ അറസ്റ്റിൽ കേസന്വേഷണം മുട്ടിനിൽക്കും. സ്വർണക്കടത്തിന് പിന്നിൽ ഹവാല, കള്ളപ്പണ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകൾക്കിടയിലും ഇതു സംബന്ധിച്ച അന്വേഷണവും ഫലപ്രദമായി നടത്തിയിട്ടില്ല. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് വിളിച്ചുചേർത്ത യോഗത്തിന്റെ പ്രതിഫലനം പൊലീസ് നടപടികളിൽ ഉണ്ടായാൽ സ്വർണക്കടത്ത് മാഫിയയെ തളയ്ക്കാനാവും.

കരുവാക്കുന്നത്

യുവാക്കളെ

ഒരു മാസത്തിനിടെ കരിപ്പൂരിൽ പിടികൂടിയത് 14 കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ്. 28 കിലോഗ്രാം സ്വർണവുമായി 27 പേർ പിടിയിലായി. ഇതിൽ 23 കിലോഗ്രാം സ്വർണവും കരിപ്പൂർ വിമാനത്താവളത്തിന് അകത്തുവച്ച് കസ്റ്റംസ് പിടികൂടിയതാണ്. അഞ്ച് കിലോഗ്രാം സ്വർണം വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസും പിടികൂടി. കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടത്തുന്ന സ്വർണമാണ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടുന്നത്. സ്വർണകാരിയർമാരിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരുകിലോ സ്വർണം കടത്തിയാൽ അരലക്ഷം രൂപ മുതലാണ് പ്രതിഫലം. വിമാന ടിക്കറ്റ്, വിസ, താമസച്ചെലവുകൾ എന്നിവ സ്വർണക്കടത്ത് സംഘം വഹിക്കും.

നാട്ടിൽ കാര്യമായ ജോലികളൊന്നുമില്ലാത്ത യുവാക്കളെയാണ് സ്വർണക്കടത്ത് സംഘം വലയിൽ വീഴ്ത്തിയിരുന്നത്. കുറഞ്ഞ കാലയളവിൽ ഗൾഫിലേക്ക് പോയി മടങ്ങിയെത്തുന്നവരെ കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കാൻ തുടങ്ങിയതോടെ പ്രവാസികളെ കാരിയർമാരാക്കുന്ന രീതിയിലേക്കും സ്വർണക്കടത്ത് സംഘം ചുവടുമാറ്റിയിട്ടുണ്ട്. മരുഭൂമിയിൽ വിയർപ്പൊഴുക്കിയിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രവാസികളെയാണ് സ്വർണ്ണക്കടത്ത് മാഫിയ മോഹനവാഗ്ദാനമേകി വലയിലാക്കുന്നത്. സ്വർണ്ണക്കടത്തിന് പിടിക്കപ്പെടുന്നതോടെ ഇവരെ മാഫിയ സംഘങ്ങൾ കൈവിടും. സ്ഥിരം കാരിയർമാർ പിടിക്കപ്പെട്ടാൽ ഇവരെ പുറത്തെത്തിക്കാനും നിയമനടപടികൾക്ക് സഹായമേകാനും മാഫിയ കൂടെയുണ്ടാവും. അബുദബി, ഷാർജ, ദുബായ്, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും കരിപ്പൂർവഴി സ്വർണം കടത്തുന്നത്.

പിടികൂടിയവരിൽ കൂടുതൽപേരും ശരീരത്തിനകത്ത് ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്തുകയാണ് ചെയ്തത്. കുറ്റം സമ്മതിക്കാത്തതിനാൽ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ എടുക്കുകയാണ് പതിവ്. അടിവസ്ത്രത്തിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിലും ഷൂവിലും സോക്സിലും എല്ലാം ഒളിപ്പിച്ച് സ്വർണം കടത്തിയവരുണ്ട്. രണ്ടാഴ്ച മുമ്പ് 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണബിസ്‌ക്കറ്റുകൾ നാല് കഷണങ്ങളാക്കി വായ്‌ക്കകത്താക്കി ഒളിപ്പിച്ചു കടത്തിയ കാസർകോട് സ്വദേശിയായ 24കാരനെ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു.

എയർകസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം യാത്രക്കാരന്റെ ബാഗിൽ നിന്ന് അഞ്ചുകിലോ സ്വർണം പിടികൂടിയിരുന്നു. സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഒത്താശയേകിയ രണ്ട് എയർലൈൻസ് ജീവനക്കാരും പിടിയിലായി. മുഖ്യപ്രതികളിൽ ഒരാൾ എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ ഭാഗത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിറുത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് രക്ഷപ്പെട്ടു. ഈ കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. സ്വർണക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെങ്കിലും മിക്കപ്പോഴും പ്രധാനകണ്ണികൾ പിടിയിലാകാറില്ല. ഇനിയെങ്കിലും സ്വർണക്കടത്ത് സംഘങ്ങളുടെ അടിവേര് ചികഞ്ഞില്ലെങ്കിൽ ഇതു തുടരുകതന്നെ ചെയ്യും. ഹവാല, രാജ്യദ്രോഹ, ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് സ്വർണക്കടത്തിന്റെ വേര് വ്യാപിച്ചു കിടക്കുന്നു എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.

Advertisement
Advertisement