നിർണായകമായത് സാഹചര്യ തെളിവുകൾ: പ്രോസിക്യൂട്ടർ

Saturday 03 December 2022 12:22 AM IST

തിരുവനന്തപുരം: കോവളത്ത് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 38 ദിവസങ്ങൾക്ക് ശേഷമാണെന്നത് കേസിൽ വെല്ലുവിളിയായിരുന്നെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻ രാജ് പറഞ്ഞു. മൃതദേഹം ജീർണിച്ച് ശാസ്ത്രീയ തെളിവുകൾ നഷ്ടമായിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമായിരുന്നു ആശ്രയം. അവ ശേഖരിക്കാൻ പൊലീസിനായി. സ്ഥലപരിചയം ഇല്ലാത്ത വിദേശ വനിതയ്ക്ക് കണ്ടൽത്തുരുത്തിലേക്ക് ഒറ്റയ്ക്ക് എത്താൻ കഴിയുമായിരുന്നില്ല. ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിൽ എത്തിയതാണ് കേസിൽ വഴിത്തിരിവായത്.

പ്രതികളുടെ കുറ്റം തെളിയിക്കുന്ന 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത് കോടതി അംഗീകരിച്ചു. കേസിൽ രണ്ടുപേർ കൂറുമാറി. അതിലൊരാൾ കെമിക്കൽ എക്സാമിനർ ആയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴികൾ നിർണായകമായി. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് പീഡനം തെളിയിച്ചത്. പ്രതികളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും കോടതി പരിഗണിച്ചുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.

ദൃക്സാക്ഷി ഇല്ലാത്തതും സ്ഥലത്തിന്റെ പ്രത്യേകതയും വെല്ലുവിളിയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജെ.കെ. ദിനിൽ പറഞ്ഞു. വിദേശ വനിതയെ കാണാതായ ദിവസം മുതൽ മൃതദേഹം കണ്ടെത്തിയ ദിവസം വരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി. മൊഴികൾ സൂക്ഷ്മമായി പരിശോധിച്ചു. പ്രതികൾ മുൻപ് കേസുകളിൽ ഉൾപ്പെട്ടെന്ന വിവരം ലഭിച്ചതും സഹായകരമായി. സാക്ഷികൾ കൂറുമാറിയാലും സാഹചര്യത്തെളിവുകളുടെ സത്യം നിലനിൽക്കുമെന്നാണ് ഈ കേസ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement