വിവാഹക്കാര്യത്തിൽ ഹിന്ദുക്കൾ മുസ്ളിംങ്ങളുടെ ഫോർമുല പിന്തുടരണം, ഫലഭൂയിഷ്‌ടമായ നിലത്ത് വിത്ത് വിതച്ചാലേ വിളവ് കിട്ടുകയുള്ളൂവെന്ന് ബദറുദ്ദീൻ അജ്‌‌മൽ

Saturday 03 December 2022 3:20 PM IST

ദിസ്‌പുർ: മുസ്ളിംങ്ങളുടെ ഫോർമുല പിന്തുടർന്ന് ഹിന്ദുക്കൾ തങ്ങളുടെ മക്കളെ നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവനും അസാമിലെ മുതിർന്ന രാഷ്‌ട്രീയ നേതാവുമായ ബദറുദ്ദീൻ അജ്‌‌മൽ. 20-22 വയസിലാണ് മുസ്ളിം യുവാക്കൾ വിവാഹം കഴിക്കുന്നത്. 18 ആകുമ്പോഴേക്കും മുസ്ളിം പെൺകുട്ടികളും വിവാഹിതരാകുന്നു. സർക്കാർ അനുവദിച്ചിട്ടുള്ള പ്രായമാണത്. എന്നാൽ ഹിന്ദുക്കൾ വിവാഹത്തിന് മുമ്പ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുമെന്നും, കുട്ടികളെ ജനിപ്പിക്കാതെ പണമുണ്ടാക്കുന്നതിൽ മാത്രമാണ് ഹൈന്ദവരുടെ ശ്രദ്ധയെന്നാണ് ബദറുദ്ദീൻ അജ്‌‌മലിന്റെ വിവാദ പരാമർശം.

''മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ (ഹിന്ദുക്കൾ) വിവാഹം കഴിക്കുന്നത്. പലർക്കും അപ്പോഴേക്കും 40 വയസ് കഴിയും. ഫലഭൂയിഷ്‌ടമായ നിലത്ത് വിത്ത് വിതച്ചാൽ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ''- മുസ്ളിം ജനസംഖ്യ കൂടുന്നത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയായിരുന്നു ബദറുദ്ദീന്റെ പ്രതികരണം. ഹിന്ദുക്കൾ മക്കളെ 18-22 വയസിനിടയിൽ വിവാഹം കഴിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന ഉപദേശവും ബദറുദ്ദീൻ അജ്‌‌മൽ നൽകി.