യുവാവിന്റെ അവയവങ്ങൾ ഓരോന്നായി തകരാറിലായി, ഒടുവിൽ മരണം, കാമുകനൊപ്പം ജീവിക്കാൻ ഭാര്യ പതിവായി ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് പൊലീസ്; ഭർതൃമാതാവിന്റെ മരണത്തിലും ദുരൂഹത

Saturday 03 December 2022 3:38 PM IST

മുംബയ്: കാമുകനൊപ്പം ജീവിക്കാൻ ഭക്ഷണത്തിൽ വിഷം ചേർത്ത് ഭർത്താവിനെ കൊന്ന യുവതി അറസ്റ്റിൽ. മുംബയ് സാന്താക്രൂസ് വെസ്റ്റിൽ താമസിച്ചിരുന്ന കൽകാന്ത് ഷാ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കാജൽ, കാമുകൻ ഹിതേഷ് ജയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മാസം മുമ്പായിരുന്നു കൊലപാതകം നടന്നത്. ഷായുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. 2002ലായിരുന്നു കാജലും ഷായും വിവാഹിതരായത്.

ദമ്പതികൾക്ക് കൗമാരക്കാരായ രണ്ട് മക്കളുണ്ട്. കാജലും ഹിതേഷും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾ സ്ഥിരമായി വഴക്കിടുമായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് വയറുവേദനയുമായി ഷാ ആശുപത്രിയിലെത്തിയത്. അവയവങ്ങൾ ഓരോ ദിവസവും തകരാറിലായി. തുടർന്നാണ് വിഷം അകത്തുചെന്നതാണെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചത്.

ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ പോലും ഷായോട് കാജൽ രണ്ട് ലക്ഷം രൂപ ചോദിച്ച് വഴക്കിട്ടിരുന്നു. ഇതും മരണത്തിൽ സംശയം തോന്നാൻ കാരണമായി. ഷായെ കൊന്ന് സ്വത്തുക്കൾ തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണത്തിൽ സ്ഥിരമായി വിഷം കലർത്തി നൽകുകയായിരുന്നു.

വസ്ത്ര വ്യാപാരിയായിരുന്നു ഷാ. ഇദ്ദേഹത്തിന്റെ മാതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ജൂണിലായിരുന്നു മരണം. ആ മരണവും സമാന രീതിയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.