കൊച്ചു പ്രേമൻ അന്തരിച്ചു, വിട പറഞ്ഞത് ഹാസ്യത്തിന് പുതിയ മാനം കൽപ്പിച്ച നടൻ

Saturday 03 December 2022 4:16 PM IST

തിരുവനന്തപുരം: പ്രശസ്‌ത നടൻ കൊച്ചു പ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ കൊച്ചുപ്രേമന്റെ ആദ്യ സിനിമ 1979ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ ആണ്. ദില്ലിവാലാ രാജകുമാരൻ, ഇരട്ടകുട്ടികളുടെ അച്ഛൻ, തിളക്കം, ഗുരു, ഛോട്ടാ മുംബയ്, കല്യാണരാമൻ തുടങ്ങി 250ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. നടി കൂടിയായ ഗിരിജാ പ്രേമനാണ് ഭാര്യ. ഹരികൃഷ്‌ണൻ മകനാണ്.

സ്വതസിദ്ധമായ അഭിനയ ശൈലിയും ശബ്‌ദവും കൊച്ചു പ്രേമനെ മറ്റു നടന്മാരിൽ നിന്നും വേറിട്ടു നിറുത്തി. കെ.എസ് പ്രേം കുമാർ എന്നാണ് മുഴുൻ പേര്. ലഭിച്ച ഏതൊരു വേഷവും മികവുറ്റതാക്കാൻ കൊച്ചു പ്രേമന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രമുഖമായ നാടക ഗ്രൂപ്പുകളിലെല്ലാം ഭാഗമായിരുന്നു കൊച്ചു പ്രേമൻ. നിരവധി ടെലി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.