ടിപി ചന്ദ്രശേഖരൻ, പെരിയ കൊലക്കേസുകളിലെ പ്രതികൾക്ക് പ്രത്യേക ഇളവ് നൽകി മോചിപ്പിക്കാൻ ശ്രമം, അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ്

Saturday 03 December 2022 5:29 PM IST

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജയിലുകളിൽ കഴിയുന്ന സി.പി.എം പ്രദേശിക നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികളെ വിട്ടയയ്‌ക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നൽകി രാഷ്ട്രീയ കൊലയാളികളും മറ്റ് കൊടും ക്രിമിനലുകളും ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തിരമായി റദ്ദാക്കണമെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ട കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമനത്തിന് പിന്നിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി ക്രിമിനലുകളെ തുറന്നു വിടാനുളള വഴിവിട്ട നീക്കം അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.