മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു; സ്ഥലത്തില്ലാതിരുന്ന രൂപത അദ്ധ്യക്ഷനെതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല

Saturday 03 December 2022 6:44 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിച്ച് വരികയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാതിരിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല എന്നാൽ മത്സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. അതേ പാക്കേജ് നടപ്പിലാക്കാൻ സർക്കാർ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരത്തിന് ഒത്തുതീർപ്പിന് ശ്രമിക്കാതെ കേന്ദ്രസേനയെ സർക്കാർ സ്വാഗതം ചെയ്യുകയാണ്. പ്രതിഷേധ സംഭവങ്ങളിൽ സ്ഥലത്തില്ലാത്ത രൂപതാ അദ്ധ്യക്ഷനെതിരെ കേസ് എടുത്തത് പിൻവലിക്കപ്പെടേണ്ട നടപടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേ സമയം വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.. കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനായി അവർ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന് അത് എതിർക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഇക്കാര്യത്തിൽ സർക്കാർ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരും കോടതിയുമാണെന്നും മന്ത്രി വ്യക്തമാക്കി.

സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിരുന്നതിൽ സഹോദരനടക്കം ഉൾപ്പെട്ടതിലും മന്ത്രി പ്രതികരിച്ചു. എൽ ഡി എഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല, മന്ത്രി അബ്ദുറഹ്മാന്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള മറുപടി സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സർക്കാ‌ർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement