വിമാനത്തകരാർ ചതിച്ചു; 70 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

Sunday 04 December 2022 1:42 AM IST

നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്തിന് ശ്രമിച്ചയാൾ വിമാനം തകരാറിലായപ്പോൾ കൊച്ചിയിൽ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്.

ജിദ്ദയിൽ നിന്ന് വെള്ളിയാഴ്ച സ്‌പൈസ് ജെറ്റ് വിമാനത്തിൽ കയറിയ ഇയാൾ അരയിൽ കെട്ടിയ തോർത്തിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാനം കരിപ്പൂരിൽ ഇറങ്ങുമ്പോൾ സുരക്ഷിതമായി പുറത്തുകടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. കൊച്ചിയിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരെ കോഴിക്കോട്ടേക്കു കൊണ്ടുപോകാൻ സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ കയറ്റുന്നതിനായി സുരക്ഷാ പരിശോധന ആരംഭിച്ചപ്പോൾ പിടിക്കപ്പെടുമെന്ന സംശയത്താൽ പ്രതി സ്വർണം ടോയ്ലെറ്റിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി അരക്കെട്ടിൽ നിന്ന് ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് സി.ഐ.എസ്.എഫിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ അറിയിച്ചതനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥലെത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്കു മാറ്റിയ സ്വർണം കണ്ടെത്തിയത്. പ്രതിക്കെതിരെ കസ്റ്റംസ് കേസെടുത്തു.