എന്തൊരു കരുതൽ! ഹേ, കേ!

Sunday 04 December 2022 12:00 AM IST

മുള്ളും മുരടും മൂർഖൻപാമ്പും തൊട്ട് കല്ലും കരടും കാഞ്ഞിരക്കുറ്റിയും വരെ ഒരേസ്വരത്തിൽ പ്രകീർത്തിക്കുന്നത് ഈയൊരു കരുതലിനെയാണ്. 'എന്തൊരു കരുതലാണ് ' എന്ന് പറയാത്തവർ ആരുമില്ല. കൊവിഡ് കാലത്തെ കരുതൽ എന്നാണ് ഇത് പേരുകേട്ടിട്ടുള്ളത്. പിണറായി സഖാവ് അന്ന് പറഞ്ഞത് അമ്പലക്കമ്മിറ്റിക്കാരും മറ്റും കുരങ്ങിന് ഭക്ഷണം കൊടുക്കാതിരിക്കരുത് എന്നായിരുന്നു. കുരങ്ങിനോടുള്ള കരുതൽ. ചീവീടുകൾ തൊട്ട് ശ്വാനന്മാർ വരെയുള്ളവരെ കരുതിയത് പോലെ ഈ ഭൂമുഖത്ത് വേറെയാരും വേറൊരാളെയും കരുതിയിട്ടുണ്ടാവില്ല.

അത്തരമൊരു കരുതൽ തുടർന്ന് കൊണ്ടുപോകാൻ ലോകത്ത് എത്രപേർക്ക് സാധിക്കുമെന്ന് ചിന്തിച്ചാൽ ആർക്കുമുണ്ടാവില്ല കൃത്യമായൊരുത്തരം. അത് പിണറായി സഖാവിനെക്കൊണ്ട് മാത്രം സാധിക്കുന്ന ഒന്നായിരുന്നു. അദ്ദേഹം ആൾ മഹാസാധുവാണ്. അദ്ദേഹത്തിന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ കുളിർമ്മയെക്കുറിച്ച് പറഞ്ഞാൽ നിങ്ങളാരും വിശ്വസിക്കില്ല. ശ്വാനന്മാരോട് നിങ്ങളൊന്ന് ചോദിച്ചു നോക്കൂ. അവരുടെ കണ്ണ് നിറയും. അതേക്കുറിച്ച് പറയുമ്പോൾ അവർ ഗദ്ഗദകണ്ഠരാകും. അതാണതിന്റെ കാര്യം.

ഇത് മനസിലാക്കാതെയാണ് നിങ്ങളിൽ പലരും മഞ്ഞക്കുറ്റികളെ കളിയാക്കാൻ നടക്കുന്നത്. മഞ്ഞക്കുറ്റികൾ പറിച്ചെറിയാൻ ശ്രമിച്ചിട്ടുള്ളവർ ശരിക്കും പറഞ്ഞാൽ മനുഷ്യത്വഹീനരും പരജീവിസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സർവോപരി ദേശദ്രോഹികളുമാണ്. അതെന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചേക്കാം. അത് ഈ തെറ്റ് ചെയ്യുന്നവർക്ക് ഞങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന ചിന്തയോ ബോദ്ധ്യമോ ഇല്ലാത്തത് കൊണ്ടു മാത്രമാണ്. അവർ സ്വന്തമായി അനുഭവിക്കുമ്പോഴേ കാര്യങ്ങൾ പഠിക്കൂ.

ഈ കൊവിഡൊക്കെ വരുന്നതിന് മുമ്പ് ഇന്നാട്ടിൽ എത്രയെത്ര ശ്വാനന്മാരാണ് മൂത്രമൊഴിക്കാൻ ഒരു പാങ്ങില്ലാതെ കഷ്ടപ്പെട്ടിട്ടുള്ളത്. കൊവിഡും വന്ന് ലോക്ക് ഡൗണും വന്നതോടെ ശ്വാനന്മാരുടെ ദുരിതം പറഞ്ഞറിയിക്കാൻ വയ്യാതായി. അങ്ങനെയാണ് മഞ്ഞക്കുറ്റിയെക്കുറിച്ച് പിണറായി സഖാവ് ചിന്തിച്ചത്. നവകേരള സൃഷ്ടിക്ക് ഇത്തരം ചിന്തകളാണ് അനിവാര്യമായിട്ടുള്ളത്. നവകേരളത്തിൽ എല്ലാ ജീവികളും സമന്മാരായി ജീവിക്കണം. അവിടെ മനുഷ്യനോ ശ്വാനനോ എന്ന വേർതിരിവ് പാടില്ലാത്തതാണ്.

മനുഷ്യന് മൂത്രവിസർജ്ജനത്തിന് പലതരത്തിൽ പെട്ട സജ്ജീകരണങ്ങളെ ആശ്രയിക്കാനാവും. ശ്വാനന്മാർക്ക് അതങ്ങനെയല്ല. അവർക്ക് അതിനായുള്ള സർവേക്കുറ്റികൾ ആവശ്യമാണ്. മതിയായ സർവേക്കുറ്റികളുടെ അഭാവത്തെക്കുറിച്ച് പിണറായി സഖാവ് ചിന്തിച്ച് തുടങ്ങിയത് ഈയൊരു കരുതലിന്റെ ഭാഗമായിട്ടായിരുന്നു. അതുകൊണ്ടാണ് മഞ്ഞക്കുറ്റികൾ വലിയ തോതിൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. വേണ്ടിവന്നാൽ ലണ്ടനിൽ നിന്നും നെതർലൻഡ്സിൽ നിന്നും ഇറക്കുമതി ചെയ്യാൻ മടിക്കരുതെന്ന് നിർദ്ദേശിച്ചെങ്കിലും അത് വേണ്ടിവന്നില്ല.

കാസർകോട്ട് മുതൽ കളിയിക്കാവിള വരെ രായ്ക്കുരാമാനം വ്യാപകമായി മഞ്ഞക്കുറ്റികൾ എത്തിച്ചേരുകയുണ്ടായി. എന്നാൽ, മനുഷ്യത്വഹീന മനസ്സുമായി നടക്കുന്ന ആളുകൾക്ക് എന്ത് കരുതലുണ്ടാവാനാണ്! ശ്വാനന്മാരുടെ രക്ഷയ്ക്കായി തയാറാക്കിവച്ച മഞ്ഞക്കുറ്റികൾ പിഴുത് പറിച്ചെടുത്ത് പുഴയിലേക്കും തോട്ടിലേക്കും വലിച്ചെറിഞ്ഞ കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. അതാണ് ശ്വാനന്മാർ പലരും പിന്നീടിങ്ങോട്ട് വല്ലാത്തരീതിയിൽ പ്രതികരിച്ച് തുടങ്ങിയത്. ഒരുപാട് പേർക്ക് കടിയേറ്റതൊക്കെ ഇതിന്റെ പരിണിതഫലമായിട്ടായിരുന്നു.

ശ്വാനന്മാർ അങ്ങേയറ്റം ക്ഷമാശീലരായിരുന്നതിനാൽ മാത്രമാണ് ഈ പറിച്ചെറിയൽ ആഘാതത്തോട് പൊരുത്തപ്പെട്ടത്. എന്നിരുന്നാലും, ഈ ദേശദ്രോഹികൾ എന്തൊക്കെ പറിച്ചെറിഞ്ഞാലും ഇപ്പോഴും അവിടവിടെയായി കാണുന്ന മഞ്ഞക്കുറ്റികൾ നൽകുന്ന ആശ്വാസം എന്തൊരു കുളിർമ്മയാണ് ശ്വാനന്മാർക്ക് . അതുകൊണ്ടാണ് ഈ കരുതലിനെക്കുറിച്ച് ചോദിക്കുമ്പോൾ അവർ ഗദ്ഗദകണ്ഠരാവുന്നത്.

മഞ്ഞക്കുറ്റികൾ നാടിന്റെ നിലനില്പിന് അനിവാര്യമാകുന്നത് അതുകൊണ്ടാണ്. അത് തിരിച്ചറിയാത്തവർ അതേതോ തെക്കു-വടക്ക് സിൽവർലൈനിന് വേണ്ടിയുള്ളതാണെന്നാണ് പറയുന്നത്. അവർക്കെന്തറിയാം! ഈ സിൽവർലൈനിന് വേണ്ടി കുറേ മഞ്ഞക്കുറ്റികൾ ഇറക്കാൻ മാത്രമായി പത്ത്-മുപ്പത്തിയഞ്ച് കോടി പൊടിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരു ശ്വാനന്റെ ജീവിതഗതി നിലനിറുത്താനായി 35 കോടിയൊന്നും ഒരു കോടിയേ അല്ലെന്ന് തിരിച്ചറിയാത്തവരാണ് ഇക്കൂട്ടർ.

അതുകൊണ്ട് മഞ്ഞക്കുറ്റികളിലൂടെ ശ്വാനർക്ക് സുരക്ഷയൊരുക്കിയ ഒരേയൊരു സർക്കാർ ഈ ഭൂഗോളത്തിലുള്ളത് കേരളത്തിൽ മാത്രമാണ്. മഞ്ഞക്കുറ്റി വിപ്ലവം എന്നാണിത് അറിയപ്പെടേണ്ടത്, ശരിക്കും പറഞ്ഞാൽ. അങ്ങനെ ചിന്തിക്കാത്തവരോട് ഒന്നേ പറയാനുള്ളൂ: ഹേ, കേ!

  

പേരുവച്ച് കാര്യങ്ങളെ ഗണിച്ചെഴുതാൻ കെല്പുള്ളയാളാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഫാദർ തിയോഡോഷ്യസ്. അദ്ദേഹം ചുട്ടകോഴിയെ വേണമെങ്കിൽ പറപ്പിക്കും. അസാദ്ധ്യ മാന്ത്രികശക്തിയുള്ളയാളാണ്. അബ്ദുറഹിമാൻ എന്ന പേര് കണ്ടപ്പോൾ അദ്ദേഹം ഗണിച്ചുനോക്കുകയുണ്ടായി. ലഗ്നവശാൽ അതിലെന്തോ ചില വർഗീയവേല അച്ചൻ ദർശിക്കുകയുണ്ടായി. അച്ചനായത് കൊണ്ട് മാത്രമാണ് അത് നാലാളെ അറിയിക്കാൻ തയാറായത്. അത് അദ്ദേഹത്തിന്റെ വിശാലമനസാണ് കാണിക്കുന്നത്. ഇതുപോലുള്ള തിയോഡോഷ്യസ് അച്ചന്മാർ നാട്ടിൽ ഉണ്ടായാൽ മാത്രമേ നവകേരളം അതിന്റെ പൂർണമായ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. തിയോഡോഷ്യസ് അച്ചനില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും നല്ലതിനാവില്ലെന്നാണ് ദ്രോണർക്ക് ഓർമ്മിപ്പിക്കാനുള്ളത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement