അഖിലേന്ത്യ കിസാൻ സഭ സമ്മേളനം 13 മുതൽ ; ഒരുക്കം അവസാനഘട്ടത്തിൽ

Sunday 04 December 2022 12:31 AM IST

തൃശൂർ : അഖിലേന്ത്യാ കിസാൻസഭ 35ാം സമ്മേളനം 13ന് കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻമുള്ള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനനഗരിയിൽ തെളിക്കാനുള്ള ദീപശിഖ, കൊടിമരം, പതാക ജാഥകൾ 12ന് വൈകിട്ട് നാലിന് തൃശൂർ ശക്തൻ നഗറിൽ കേന്ദ്രീകരിച്ച്, തേക്കിൻകാട് മൈതാനിയിൽ സംഗമിക്കും. തുടർന്ന് ദീപശിഖ തെളിച്ച് പതാക ഉയർത്തും. ദീപശിഖാ ജാഥ തെലങ്കാന, കീഴ്‌വെൺമണി എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ സേലം വഴി പാലക്കാട്ടെത്തും. ഡോ.വിജുകൃഷ്ണൻ, പി.കൃഷ്ണപ്രസാദ്, എം.പ്രകാശൻ, എസ്.കെ.പ്രീജ എന്നിവർ നേതൃത്വം നൽകുന്ന ദീപശിഖ 12ന് വൈകിട്ട് നാലിന് ശക്തൻനഗറിലെത്തും.

പതാക റിലേ ജാഥ ആലപ്പുഴ വലിയചുടുകാട്ടിലെ പുന്നപ്രവയലാറിൽ നിന്ന് ആരംഭിക്കും. കിസാൻസഭാ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു മാനേജരുമായ റിലേ 10ന് ആലപ്പുഴ, 11ന് എറണാകുളം, 12ന് രാവിലെ ഒമ്പതിന് തൃശൂർ പൊങ്ങം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് നാലിന് ശക്തൻ നഗറിലെത്തും. കൊടിമരജാഥ കാസർകോട് കയ്യൂർ സ്മൃതിമണ്ഡപത്തിൽ നിന്ന് ഡിസംബർ എട്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കും. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി വി.എം ഷൗക്കത്ത് മാനേജരുമാകും. ഈ ജാഥ വൈകിട്ട് നാലിന് ശക്തൻ നഗറിലെത്തും. തുടർന്ന് വൈകിട്ട് അഞ്ചിനാണ് മൂന്ന് ജാഥകളും തേക്കിൻകാട് മൈതാനിയിൽ സംഗമിക്കുക. 13ന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന് വൈകിട്ട് വിദ്യാർത്ഥി കോർണറിൽ ലക്ഷം പേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്നുള്ള ക്രിസ്റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരും സൗഹാർദ്ദ പ്രതിനിധികളുമടക്കം 800 പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡോ.വിജുകൃഷ്ണൻ, എ.സി മൊയ്തീൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, പി.ആർ വർഗീസ്, എ.എസ് കുട്ടി എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement