ഇരച്ചെത്തി​ ഓരുവെള്ളം, ഓടി​യൊളിച്ച് കർഷകർ

Sunday 04 December 2022 12:58 AM IST

# പുഞ്ചക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി ഒരു വിഭാഗം കർഷകർ

ആലപ്പുഴ: ജലനിരപ്പ് ക്രമാതീതമായി ഉയർന്നു നിൽക്കുന്നതും കടലിൽ നിന്നുള്ള വേലിയേറ്റം ശക്തമായതും മൂലം കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിയിൽ നിന്ന് ഒരു വിഭാഗം കർഷകർ പിന്മാറുന്നു.

ഇന്നലെ രാവിലെയുണ്ടായ വേലിയേറ്റത്തിൽ, കൊയ്ത്തിന് തയ്യാറായ ചമ്പക്കുളം മണിമലക്കാട് പാടത്തെ 8.79 ഹെക്ടറിലാണ് മടവീണത്.

കൃഷിയിറക്കാൻ നിലം വൃത്തിയാക്കിയ കർഷകരാണ്, പാടശേഖരങ്ങളുമായി ബന്ധപ്പെട്ട തോടുകളിൽ ഉപ്പിന്റെ സാന്ദ്രത കൂടിയതിനാൽ പിൻമാറുന്നത്. ജില്ലയിൽ 30,000 ഹെക്ടർ കൃഷിഭൂമിയിൽ 28,000 ഹെക്ടറിലാണ് പുഞ്ചക്കൃഷി ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ വരെ 15,987 ഹെക്ടറിൽ വിത നടന്നു. ഡിസംബറിൽ പൂർത്തീകരിക്കാമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ പുഞ്ചയിൽ 25,649 ഹെക്ടറിലാണ് വിത്തിറക്കിയത്. അടിക്കടിയുള്ള മഴയാണ് മറ്റൊരു തലവേദന.

ഉപ്പുവെള്ളം തടയാനുള്ള മുന്നൊരുക്കത്തിൽ വലിയ വീഴ്ചയാണ് ജലസേചന വകുപ്പ് വരുത്തിയത്. ഇന്നലെ ചെന്നിത്തല, മാന്നാർ, വീയപുരം, എടത്വ, മുട്ടാർ, പുറക്കാട് പഞ്ചായത്തുകളിലെ 10 പാടശേഖരങ്ങളിൽ ബണ്ട് കവിഞ്ഞ് വെള്ളം കയറി. വിതയ്ക്കാനുള്ള പണികൾ പൂർത്തിയായ പാടങ്ങളിലാണ് വെള്ളം കയറിയത്. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലെ ഷട്ടറുകൾ ഉയർത്തിയിട്ടും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ ജലനിരപ്പ് താഴാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നു. അപ്രതീക്ഷിത വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കടലിലേക്ക് വെള്ളം ഒഴുകാത്തതും സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്.

# ഷട്ടറുകൾ ഉയർന്നിട്ടും രക്ഷയില്ല

ഉപ്പുവെള്ളം തടയാൻ പ്രധാന തോടുകളിൽ ഓരുമുട്ട് സ്ഥാപിക്കാത്തതിനാൽ പുഞ്ചക്കൃഷിയെ ഇത് ദോഷകരമായി ബാധിക്കും.തോട്ടപ്പള്ളി ലീഡിംഗ് ചാനൽ, കായംകുളം കായലുകൾ വഴിയാണ് ഓരുജലം കയറുന്നത്. തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ ഉയർത്തിയിട്ടും കടലിലേക്ക് നീരൊഴുക്ക് ശക്തമാകാത്തതും കിഴക്കൻ വെള്ളത്തിന്റെ വരവും നെൽകൃഷിക്ക് ഭീഷണിയായി. രണ്ട് യൂണിറ്റിൽ കൂടുതൽ ഉപ്പിന്റെ അളവുണ്ടെങ്കിൽ നെൽകൃഷിയെ ബാധിക്കും.

# പ്രതിവിധി ഹ്രസ്വകാല വിത്ത്

കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ പാടശേഖരങ്ങളിൽ ഹ്രസ്വകാല വിത്താണ് ഇക്കുറി ഇറക്കിയത്. മുൻകാലങ്ങളിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്രസ്വകാല വിത്തിറക്കിയത്. മനുരത്നം എന്ന വിത്ത് 90 ദിവസംകൊണ്ട് കൊയ്തെടുക്കാൻ കഴിയും. ഉമ, ജ്യോതി ഇനങ്ങൾക്ക് 120 ദിവസം വേണ്ടിവരും. ഇതിനു മുകളിൽ വിളവുകാലമുള്ള വിത്തുകളുമുണ്ട്.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടിയന്തരമായി താഴ്ത്തണം. ഷട്ടർ താഴ്ത്തുന്നത് 15 വരെ നീട്ടിവച്ചാൽ മടവീഴ്ചയും കൃഷിനാശവും സംഭവിക്കും

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ

# 2022 ലെ പുഞ്ച (ഹെക്ടറിൽ)

ആകെ: 30,000 ഹെക്ടർ

വിത പ്രതീക്ഷിക്കുന്നത്: 28,000

പൂർത്തീകരിച്ചത്: 15,987

2021 ലെ പുഞ്ച (ഹെക്ടറി​ൽ)

വിളവിറക്കിയത്: 25,649

പാടങ്ങൾ: 578

Advertisement
Advertisement