വെള്ളയമ്പലം - ജവഹർ ലെയിൻ റോഡ് പൊട്ടിപ്പൊളിഞ്ഞു,​ അനക്കമില്ലാതെ അധികൃതർ

Sunday 04 December 2022 2:43 AM IST

തിരുവനന്തപുരം: വെള്ളയമ്പലം - ജവഹർ ലെയിൻ റോഡ് തകർന്ന് അപകടഭീഷണിയിലായിട്ടും നടപടിയെടുക്കാതെ അധികൃതർ. രണ്ടുമാസം മുമ്പ് ഈ റോഡിന്റെ മദ്ധ്യഭാഗത്തായി വലിയ രണ്ട് കുഴികൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഈ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടത്തെ റസിഡന്റ്സ് അസോസിയേഷൻ മുട്ടാത്ത വാതിലുകളില്ല. എന്നാൽ,​ ഇന്ന് ശരിയാക്കാം നാളെ ശരിയാക്കാം എന്നുപറഞ്ഞ് കൈയൊഴിയുകയാണ് അധികൃതർ.

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് മുമ്പിൽ സമരങ്ങൾ അരങ്ങേറുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഈ റോഡുവഴിയാണ്. പൊട്ടിപ്പൊളിഞ്ഞ ഇൗ റോഡിൽ മറ്റ് വാഹനങ്ങൾ കൂടിയെത്തുമ്പോൾ കുരുക്ക് രൂക്ഷമാകും. ഇവിടത്തെ താമസക്കാരുടെ വാഹനങ്ങൾ റോഡിലേക്കിറക്കാനും ബുദ്ധിമുട്ടാണെന്നാണ് പരാതി.

റോഡിനെച്ചൊല്ലി തർക്കം

കവടിയാർ,​ ശാസ്‌തമംഗലം വാർഡുകളുടെ അതിർത്തി കൂടിയാണ് ഈ റോഡ്. റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഇരുവാർഡുകളിലെയും കൗൺസിലർമാരോട് പറയുമ്പോൾ പി.ഡബ്ളിയു.ഡി റോഡാണെന്നും അവരാണ് നന്നാക്കേണ്ടതെന്നുമുള്ള ന്യായമാണ് മറുപടി. റോഡ് തകർച്ചയ്‌ക്ക് ആക്കം കൂട്ടി വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുമുണ്ട്.

പൈപ്പ് നന്നാക്കണമെന്ന് 13 തവണ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും വാട്ടർ അതോറിട്ടി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു.

Advertisement
Advertisement