ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ച പ്രധാനാദ്ധ്യാപിക അറസ്റ്റിൽ

Sunday 04 December 2022 10:05 AM IST

ചെന്നൈ: ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ച പ്രധാനാദ്ധ്യാപിക അറസ്റ്റിൽ. ഈറോട് ജില്ലയിലെ പാലക്കരയിലെ പഞ്ചായത്ത് യൂണിയൻ ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപിക ഗീതറാണിയാണ് പിടിയിലായത്. ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് വിദ്യാർത്ഥികളെക്കൊണ്ട് അദ്ധ്യാപിക ശൗചാലയം കഴുകിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞമാസം 30ന് ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവായ ജയന്തി ആണ് പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ ഗീതാറാണി ഒളിവിൽ പോകുകയായിരുന്നു.

ജയന്തിയുടെ മകൻ ഈ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഡെങ്കിപ്പനി വന്നതിനെക്കുറിച്ച് മകനോട് ചോദിച്ചപ്പോഴാണ് ശൗചാലയം വൃത്തിയാക്കാൻ പോകാറുണ്ടെന്നും അവിടെ നിന്ന് കൊതുകുകടിയേറ്റതാകാമെന്നും പറഞ്ഞത്. തുടർന്നാണ് ജയന്തി പൊലീസിനെ സമീപിച്ചത്.