ഇവിടെയും ബുൾഡോസർ പ്രവർത്തിക്കാൻ തുടങ്ങിയോ ? സ്ത്രീയുടെ വീട് തകർത്തതിന്  പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

Sunday 04 December 2022 1:13 PM IST

പാട്ന : വസ്തു കൈയേറി എന്നാരോപിച്ച് സ്ത്രീയുടെ വീട് തകർത്ത ബിഹാർ പൊലീസ് നടപടിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. ബുൾഡോസർ ഇവിടെയും പ്രവർത്തിക്കാൻ തുടങ്ങിയോ ? എന്ന ചോദ്യം ഉന്നയിച്ചാണ് പാട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദീപ് കുമാർ പൊലീസിനെ വിമർശിച്ചത്. അടുത്തിടെ രാജ്യത്ത് നിരവധി ഭാഗങ്ങളിൽ കേസിൽ പെടുന്നവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഭരണകൂടം തകർക്കുന്നത് പതിവാക്കിയിരുന്നു. സജോഗ ദേവി എന്ന സ്ത്രീയാണ് പൊലീസിനെതിരെ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഒക്‌ടോബർ 15നാണ് ഇവരുടെ വീട് തകർക്കപ്പെട്ടത്.

പൊലീസിനെതിരെ പട്ന ഹൈക്കോടതിയുടെ ഇടപെടലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തു തർക്കങ്ങൾ തീർക്കാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അയാൾ സ്‌റ്റേഷനിൽ പോയി കൈക്കൂലി കൊടുത്ത് ആരുടെയെങ്കിലും വീട് പൊളിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇങ്ങനെയാണെങ്കിൽ സിവിൽ കോടതികൾ എന്ത് കൊണ്ട് നിങ്ങൾക്ക് അടച്ചുകൂടാ എന്നും പൊലീസിനെ കോടതി പരിഹസിച്ചു.

തനിക്കെതിരെ കള്ളക്കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സജോഗ ദേവി കോടതിയിൽ പരാതി ബോധിപ്പിച്ചു. കേസിൽ പ്രാഥമിക വാദം കേട്ട കോടതി പരാതിക്കാരിയേയോ, കുടുംബാംഗങ്ങളെയോ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പൊലീസിനെ വിലക്കി. ഉത്തരവാദികളായ ഉദ്യോഗസ്ഥനിൽ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കുമെന്നും ജസ്റ്റിസ് സന്ദീപ് കുമാർ വാക്കാൽ നിരീക്ഷിച്ചു.