ഭരണഘടനാ വിരുദ്ധപരാമർശം തെളിയിക്കാനാകില്ല, സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാൻ പൊലീസ്

Sunday 04 December 2022 6:40 PM IST

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെയുള്ള അന്വേഷണം നിർത്തലാക്കാൻ പൊലീസ്. ഭരണഘടനാ വിരുദ്ധ പരാമർശം തെളിയിക്കാനാകില്ല എന്ന നിയമോപദേശത്തെ മുൻനിർത്തിയാണ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. എംഎൽഎയ്‌ക്കെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ല എന്ന് പബ്ളിക് പ്രോസിക്യൂട്ടറാണ് പൊലീസിന് നിയമോപദേശം നൽകിയത്.

മല്ലപ്പള്ളിയിൽ വെച്ച് നടന്ന വിവാദ പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധ പരമാർശം നടത്തി എന്ന ആരോപണമുണ്ടായതിന് പിന്നാലെ രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വെച്ചൊഴിഞ്ഞിരുന്നു. സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയ്ക്കിടയിലായിരുന്നു അദ്ദേഹം ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നതടക്കമുള്ള പരാമർശം നടത്തിയത്. സംഭവത്തിൽ തിരുവല്ല കോടതിയുടെ നിർദേശപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രസംഗത്തിന്റെ വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധനയും നടത്തിയിരുന്നു. എന്നാൽ കേസെടുത്ത് അഞ്ച് മാസങ്ങൾക്ക് ശേഷം നിയമോപദേശം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി പൊലീസ് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ തിങ്കളാഴ്ത സമീപിക്കും.

കേസന്വേഷണം അവസാനിപ്പിക്കുന്നതിന് മുൻപ് പൊലീസ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് നോട്ടീസ് നൽകും. പൊലീസിന്റെ നിലപാട് കോടതി അംഗീകരിച്ചാലും പരാതിക്കാരന് പുനഃപരിശോധനയ്ക്കായി മേൽക്കോടതിയെ സമീപിക്കാനാകും. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അത് കൊണ്ട് തന്നെ കേസ് പിൻവലിച്ചാൽ സജി ചെറിയാൻ തിരികെ മന്ത്രി സഭയിലെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.