കടയിൽ പൊന്നുവില , കർഷകന് മഞ്ഞളിപ്പ്!

Monday 05 December 2022 12:00 AM IST

കോട്ടയം. സൗന്ദര്യ വർദ്ധനവിനും പ്രതിരാേധ ശേഷിക്കും പേരുകേട്ട മഞ്ഞളിന് വിപണിയിൽ അത്ര തിളക്കമില്ല. പായ്ക്ക് ചെയ്തു വരുന്ന മഞ്ഞൾപൊടിയ്ക്ക് വിലയുണ്ടെങ്കിലും ഉണങ്ങിയ നാടൻ മഞ്ഞളിന് വിലയില്ലാത്തതാണ് കർഷകനെ പ്രതിസന്ധിയിലാക്കുന്നത്. കഷ്ടപ്പെട്ട് ഒരു കിലോ ഉത്പാദിപ്പിച്ചാൽ കിട്ടുന്നത് 70 രൂപയാണ് .

കൊവിഡ് കാലത്ത് ആയുർവേദ മരുന്നുകൾക്കും മറ്റും പച്ചമഞ്ഞളിന്റെ ആവശ്യകത വർദ്ധിച്ചിരുന്നു. എന്നാൽ ഡിമാൻഡ് ഏറിയെങ്കിലും വിപണി വിലയിൽ മാറ്റമുണ്ടായില്ല. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിക്കുന്ന മഞ്ഞൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പൊടിയാണ് വിപണിയിലെമ്പാടും.

സംസ്ഥാനത്ത് കായൽ മേഖലകളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലും മഞ്ഞൾ കൃഷി ചെയ്യാം. മദ്ധ്യകേരളത്തിൽ ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്. വലിയ പരിപാലനം വേണ്ടെന്നതാണ് പ്രത്യേകത. മെയ്, ജൂൺ മാസത്തിലാണ് കൃഷി ആരംഭിക്കുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. പച്ചില, ചവർ, ചാരം എന്നിവയാണ് പ്രധാന വളം. ഒരു ചുവടിൽ നിന്ന് അഞ്ച് കിലോ വരെ പച്ച മഞ്ഞൾ ലഭിക്കും. പക്കം നോക്കി ഉണങ്ങിയെടുക്കുന്ന മഞ്ഞൾ കുത്തൻ പിടിക്കാതെ രണ്ട് വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകും.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ.

കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന സർക്കാർ സംരംഭങ്ങൾ ഇല്ല.

ഉണക്കിയെടുക്കുന്ന മഞ്ഞൾ പൊടിക്കുന്നതിന് മില്ലുകൾ കുറവ്

മായം കലർന്നതും വില കുറഞ്ഞതുമായ മഞ്ഞൾ പൊടി വിപണിയിൽ.

കർഷകന് കിലോയ്ക്ക് ലഭിക്കുന്നത്: 70 രൂപ

വിപണിയിൽ മഞ്ഞൾ പൊടിയ്ക്ക് കിലോ 220.

കർഷകനായ സിറിയക് തോമസ് മുഴൂർ പറയുന്നു.

കുടുംബശ്രീ മുഖേനയോ, കാർഷിക സംഭരണകേന്ദ്രങ്ങൾ മുഖേനയോ ഉല്പന്നങ്ങൾ നേരിട്ട് സംഭരിച്ചാൽ മാത്രമേ കർഷകർക്ക് ഗുണം ചെയ്യൂ.

Advertisement
Advertisement