കണ്ണൂർ വിമാനത്താവളത്തിന് 4 വയസ് വികസന വഴിയിൽ കിതച്ച്

Monday 05 December 2022 12:18 AM IST


മട്ടന്നൂർ: മട്ടന്നൂരിന്റെയും വടക്കൻ ജില്ലയുടെയും മുഖച്ഛായ മാറ്റുന്നതിന് തുടക്കമാവുമെന്ന് കരുതിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിനായി കിതയ്ക്കുന്നു. ബാലാരിഷ്ടതകൾ മാറുന്നതിനിടെ പെട്ടെന്നുണ്ടായ കൊവിഡ് പ്രതിസന്ധി രണ്ടു വർഷത്തെ പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് വിമാനത്താവളത്തിന്, പ്രതീക്ഷിച്ച വികസന നാഴികക്കല്ലുകൾ പിന്നിടുന്നതിൽനിന്നും പിറകോട്ടടിപ്പിച്ചത്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കടബാധ്യത എന്നുതീരും

ഓരോ മാസവും മൂന്നരക്കോടിയോളം രൂപ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സി.ഐ.എസ്.എഫ്. എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. എങ്കിലും രണ്ടു വർഷം കൊണ്ടുതന്നെ, കടബാധ്യത മാറ്റി നിർത്തിയാൽ പ്രവർത്തന ലാഭം എന്ന നിലയിലേക്ക് കിയാലിന് എത്താൻ കഴിഞ്ഞു. വിമാനത്താവള നിർമ്മാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇത് തിരിച്ചടയ്ക്കണം. ലോക്ക് ഡൗൺ കാലത്ത് സർവീസുകൾ മുടങ്ങിയതോടെ കഴിഞ്ഞ വർഷം തുക അടയ്ക്കാൻ സാധിക്കാതെ വന്നു. ചർച്ചകൾ നടത്തിയതിനെ തുടർന്ന് വായ്പ അടയ്ക്കുന്നതിന് രണ്ടു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കും. നിലവിൽ മാസം നാലു മുതൽ അഞ്ചു കോടി രൂപ വരെ മാത്രം വരുമാനമുള്ള വിമാനത്താവളത്തിന് വായ്പാ തിരിച്ചടവിനുള്ള തുക കണ്ടെത്തുക വലിയ വെല്ലുവിളിയായിരിക്കും.

വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവെൻഷൻ സെന്റർ, സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമാണത്തിന് കിയാൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്നീട് പിൻവലിക്കുകയായിരുന്നു.

തിരിഞ്ഞുനോട്ടം

1996 ജനുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭുമി ഏറ്റെടുക്കുന്നതിന് വേണ്ടി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു. ഒന്നാം ഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. പിന്നീട് കുറച്ച് കാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിലായി. പിന്നീട് മാറിമാറി വന്ന സർക്കാറിന്റെ പ്രധാന വികസന പദ്ധതി ആയി കണ്ണൂർ വിമാനത്താവളം ഉയർത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗം വർദ്ധിച്ചു. നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു വിരാമമായി 2018 ഡിസംബർ ഒമ്പതിന് വിമാനത്താവളത്തിൽ നിന്ന് ആദ്യവിമാനം പറന്നുയർന്നു.

3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇതു 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും.

Advertisement
Advertisement