തൃപ്രയാർ കൂട്ട മാലപൊട്ടിക്കലിന് പിന്നിലും തമിഴ് തിരുട്ട് സ്ത്രീകൾ

Monday 05 December 2022 1:25 AM IST

കൊച്ചി: കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിക്കുംതിരക്കുമുണ്ടാക്കി പള്ളുരുത്തി സ്വദേശിനിയുടെ മാലകവർന്ന കേസിൽ റിമാൻഡിലായ തമിഴ്‌നാട് കടലൂർ സ്വദേശികളായ സന്ധ്യ (വിശാല), അംബിക, അനിത, ലക്ഷ്മി എന്നിവർ തൃപ്രയാർ ക്ഷേത്രത്തിൽ കൂട്ട മാലപൊട്ടിക്കൽ നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്നതായി തെളിഞ്ഞു. പ്രതികളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇതിനുള്ള ഡിജിറ്റൽ തെളിവ് പൊലീസിന് ലഭിച്ചത്. തങ്ങൾ തൃപ്രയാറിൽ പോയിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞ് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉദയംപേരൂർ സ്വദേശിനിയുടെ ബാഗിൽ നിന്ന് 90000 രൂപ മോഷ്ടിച്ചത് നാല് പേർ ചേർന്നാണെന്ന് വ്യക്തമായിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ ഉദയംപേരൂർ പൊലീസ് കേസെടുത്തതായാണ് വിവരം.

നാലംഗ സംഘമാണ് പിടിയിലായതെങ്കിലും ഇവർക്ക് പിന്നിൽ നിരവധിപ്പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.കഴിഞ്ഞ മാസം 22നാണ് പള്ളുരുത്തി സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നാല് പവന്റെ മാലയാണ് തിരുട്ടുസംഘം കവർന്നത്. പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഈമാസം രണ്ടിനാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, പരിസരത്ത് നാല് സ്ത്രീകളെ കണ്ടതാണ് അന്വേഷണത്തിന്റെ ഗതിമാറ്റിയത്. ഇവർ തമ്മനത്തെ വാടക വീട്ടിലാണ് താമസമെന്നും തുണിവ്യാപാരികളാണെന്നും തിരിച്ചറിഞ്ഞു. മാസത്തിൽ രണ്ട് ദിവസം മാത്രം കൊച്ചിയിൽ എത്തിയിരുന്ന സ്ത്രീകളുടെ രീതികളിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇവർക്കായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് തിരിച്ചെത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കവർച്ചകൾ ഇവർ ഓരോന്നായി വെളിപ്പെടുത്തിയത്.

Advertisement
Advertisement